തിരുവനന്തപുരം : യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണി. ഇന്റർ കോളിജിയറ്റ് അത്‌ലറ്റിക്സിന്റെ രണ്ടാംദിനത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിന്റെ മുന്നേറ്റം. 25 ഫൈനലുകൾ പൂർത്തിയായപ്പോൾ അഞ്ച് സ്വർണവും ഏഴ് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 50 പോയിന്റുമായാണ് സെന്റ് ജോൺസ് ഒന്നാമതെത്തിയത്. ആറ് സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവും നേടിയ ചെമ്പഴന്തി എസ്.എൻ. കോളേജാണ് രണ്ടാംസ്ഥാനത്ത്. നാല് സ്വർണമുൾപ്പെടെ 30 പോയിന്റ് നേടിയ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് മൂന്നാംസ്ഥാനത്തുണ്ട്.
ഇന്നലെ നടന്ന പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ മാർ ഇവാനിയോസിലെ അലൻ ജോസ് മീറ്റ് റെക്കാഡ് കുറിച്ചു. ഒൻപത് മിനിട്ട് 38.56 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അലൻ റെക്കാഡ് സൃഷ്ടിച്ചത്.
വനിതകളുടെ 200 മീറ്ററിൽ മൃദുല മരിയ ബാബു, 800 മീറ്ററിൽ ആതിര ബി, 10000 മീറ്ററിൽ അപർണ പ്രസാദ്, 100 മീറ്റർ ഹർഡിൽസിൽ മോനിഷ ടോമി, 400 മീറ്റർ ഹർഡിൽസിൽ സയോണ പി.ഒ, സ്റ്റീപ്പിൾ ചേസിൽ അനുപമ എ, 20 കി.മീ. നടത്തത്തിൽ അനു പി., ഹൈജമ്പിൽ ദിവ്യ ആർ, ഹാമർത്രോയിൽ ബിനിത മേരി തോമസ് എന്നിവർ സ്വർണം നേടി.