തിരുവനന്തപുരം: ഡിവൈ.എസ്.പി ചവിട്ടിയിട്ടതിനെത്തുടർന്ന് കാർ കയറി ഗുരുതരാവസ്ഥയിലായ സനലുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ പൊലീസ് ഡോക്ടറോട് ആദ്യം പറഞ്ഞത് ഇങ്ങനെ- ' ഇതൊരു ആത്മഹത്യാ ശ്രമമാണ്'. ഡോക്ടർ ആവർത്തിച്ച് ചോദിച്ചപ്പോൾ ' ഏതോ വാഹനം ഇടിച്ചിട്ടതാണ്'. എന്നായി മറുപടി. മരണം സ്ഥിരീകരിച്ചതോടെ നെയ്യാറ്രിൻകരയിൽ നിന്നെത്തിയ പൊലീസുകാർ സ്ഥലം വിട്ടു. പ്രതിയായ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ഇതിനിടെ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയടക്കം ആശുപത്രിയിലെത്തി വിവരങ്ങൾ തിരക്കിയിരുന്നു. ഇവരുടെ ഫോണിൽ ഡിവൈ.എസ്.പി അപ്പപ്പോൾ വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. രാത്രി 11.05നാണ് സനലിനെ ആംബുലൻസിൽ അതീവഗുരുതരാവസ്ഥയിൽ പൊലീസുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വിവരം തിരക്കിയ സുരക്ഷാ ജീവനക്കാരോട് പൊലീസുകാർ തട്ടിക്കയറി. തുടർന്ന് സനലിനെ സ്ട്രെക്ചറിൽ ഡോക്ടർമാർക്കരികിൽ എത്തിച്ചു. പ്രാഥമിക പരിശോധനകൾക്കു ശേഷം ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിൽ വച്ചുതന്നെ മരണം സ്ഥിരീകരിച്ചു. ഈ സമയം സനലിന്റെ ബന്ധുക്കൾ കാഷ്വാലിറ്റിയിലെത്തിയെങ്കിലും മരണവിവരം പൊലീസുകാർ മറച്ചുവച്ചു. മെഡിക്കൽകോളേജ് എസ്.ഐയും ആശുപത്രിയിലുണ്ടായിരുന്നു. സി.ഐ അവധിയിലായിരുന്നു. പക്ഷേ, മെഡിക്കൽകോളേജ് എസ്.ഐ, സ്റ്റേഷൻ ഹൗസ് ഓഫീസറായ സി.ഐയെ വിവരമറിയിച്ചില്ല. മരണം സ്ഥിരീകരിച്ച് പൊലീസുകാർ സ്ഥലംവിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിന്റെ മൊബൈൽഫോണുകൾ ഓഫായത്. ഇതിനിടെ റൂറൽ എസ്.പി അശോക് കുമാറിനെ വിളിച്ച ഡിവൈ.എസ്.പി, 'നെയ്യാറ്റിൻകരയിൽ ഒരു അപകടം ഉണ്ടായി, തർക്കത്തിനിടെ ഒരാളെ കാറിടിച്ചു. ഞാനിവിടെ നിൽക്കുന്നില്ല. തത്കാലം മാറിനിൽക്കാൻ പോകുന്നു''- എന്ന് അറിയിച്ചു. ഇതിനു ശേഷമാണ് ഔദ്യോഗിക ഫോൺ ഓഫായത്. സ്പെഷ്യൽബ്രാഞ്ചിൽ നിന്നോ നെയ്യാറ്റിൻകര സ്റ്റേഷനിൽ നിന്നോ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ എസ്.പി തയ്യാറായില്ല. രാത്രി തന്നെ വിവരങ്ങൾ തേടിയെങ്കിൽ ഡിവൈ.എസ്.പി സംസ്ഥാനം വിടുന്നത് തടയാമായിരുന്നുവെന്നും കസ്റ്റഡിയിലെടുക്കാമായിരുന്നെന്നും സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്.പിയുടെ നിസംഗത പ്രതിക്ക് രക്ഷപ്പെടാൻ സാവകാശമൊരുക്കിയെന്നാണ് പൊലീസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.