കണ്ണൂർ: എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് ഉച്ചയോടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കും. കാസർകോട് മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര സന്നിധിയിൽ ആരംഭിച്ച യാത്ര ഇന്നലെ പയ്യന്നൂരിലാണ് പര്യടനം അവസാനിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര നൂറു കണക്കിന് വിശ്വാസികൾ ഉയർത്തിയ ശരണമന്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രയാണം തുടങ്ങിയത്.
കർണാടക പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നവീൻകുമാർ കട്ടീൽ എം.പി, കർണാടക എം.എൽ.എ കോട്ട ശ്രീനിവാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറിമാരായ ടി.വി. ബാബു, സി.സുഭാഷ് വാസു, അരയാക്കണ്ടി സന്തോഷ്, വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, അഡ്വ.സിനിൽ മുണ്ടപ്പള്ളി , അനിൽ തറനിലം , അഡ്വ. സംഗീത വിശ്വനാഥൻ, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, കെ. പൊന്നപ്പൻ, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എം.ടി രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ടി.എം. വേലായുധൻ, കെ.പി. ശ്രീശൻ, സി.കെ. പത്മനാഭൻ, അഡ്വ. കെ. ശ്രീകാന്ത്, എ.വേലായുധൻ, പി.രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് നീലേശ്വരത്തെ സ്വീകരണത്തിന് ശേഷമാണ് രഥയാത്ര പയ്യന്നൂരിൽ എത്തിയത്. ഇന്ന് രാവിലെ പയ്യന്നൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര തളിപ്പറമ്പ്, കണ്ണൂർ വഴി തലശേരിയിൽ 11 മണിയോടെ എത്തും. ഇവിടെ സ്വീകരണത്തിന് ശേഷം വയനാട് ജില്ലയിൽ പ്രവേശിക്കും. രഥയാത്ര 13 നാണ് പത്തനംതിട്ടയിൽ സമാപിക്കുക.