കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ കൊട്ടാരക്കര കിഴക്കേകര കല്ലുവിള പുത്തൻ വീട്ടിൽ ഓമനക്കുട്ടനെയാണ് (52) ഇന്ന് പുലർച്ചെ അഞ്ചോടെ ബസ് സ്‌റ്റാൻഡിനോട് ചേർന്നുള്ള ജീവനക്കാരുടെ വിശ്രമ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സ്ഥിരമായി പോകാത്ത ഇയാൾ മിക്കപ്പോഴും ഇവിടെയാണ് അന്തിയുറങ്ങാറുള്ളത്. പുലർച്ചെ ഡ്യൂട്ടിക്ക് പോകുന്നതാണ് പതിവ്. ഇന്ന് പുലച്ചെ നാലുമണിക്കും ഇയാൾ ഉറങ്ങുന്നത് ഒരുസഹപ്രവർത്തകൻ കണ്ടിരുന്നു.
സുരക്ഷാ സംബന്ധമായി അഗ്നിശമന സേന ഘടിപ്പിച്ചിരിക്കുന്ന പൈപ്പിൽ കയറിൽ കെട്ടി തൂങ്ങി നിൽക്കുകയായിരുന്നു. കുടുംബവുമായി അകന്ന് കഴിയുന്നതിന്റെ വിഷമവും നൈരാശ്യവുമാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. ജോലി സംബന്ധമായ സമ്മർദ്ദം ഇല്ലെന്നും എം പാനൽ ജിവനക്കാരനായതിനാൽ ഒഴിവ് ഉണ്ടാകുന്നത് പ്രകാരം ജോലി ചെയ്യുന്നതിൽ മടി കാണിച്ചിരുന്നില്ലെന്നും കൊട്ടാരക്കര എ.ടി.ഒ സുധീർ പറഞ്ഞു. കൊട്ടാരക്കര പൊലീസ് മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.