തിരുവനന്തപുരം: രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന തരത്തിലുള്ള കേന്ദ്രഇടപെടൽ അവസാനിപ്പിക്കണമെന്ന് ആൾ ഇന്ത്യ ബാങ്ക് ഒാഫീസേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ്. നാഗരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം കേന്ദ്ര കണ്ടിജൻസിഫണ്ടിലേക്ക് മാറ്റാനും ബാങ്കുകളുടെ കിട്ടാക്കടം ബാങ്കുകളുടെ ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം വകയിരുത്തണമെന്ന നിർദ്ദേശവും ബാങ്കിംഗ് പ്രതിസന്ധി രൂക്ഷമാക്കും. ഇത് നടപ്പാക്കുന്നതോടെ ബാങ്കുകളുടെ മൊത്ത പ്രവർത്തന ലാഭം 1.58 ലക്ഷം കോടിയിൽ നിന്ന് 18000 കോടിയുടെ നഷ്ടത്തിലേക്ക് താഴും. ലാഭത്തിൽ പ്രവർത്തിക്കുന്ന വിജയബാങ്ക് , ദേനാബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എന്നിവ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.