ganesh
ganesh

തിരുവനന്തപുരം: പാർട്ടിയുടെ ഏക എം.എൽ.എയായ കെ.ബി. ഗണേശ് കുമാറിന്റെ എതിർപ്പിനെ വകവയ്ക്കാതെ എൻ.സി.പിയുമായി ലയന ചർച്ചയ്ക്ക് കേരള കോൺഗ്രസ്- ബി നേതൃത്വം തീരുമാനിച്ചു. കോഴിക്കോട്ട് ചേർന്ന കേരള കോൺഗ്രസ്- ബിയുടെ ഉന്നതാധികാര സമിതി യോഗത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, പി.എം. മാത്യു, നജീബ് പാലക്കണ്ടി എന്നിവരടങ്ങിയ കോർകമ്മിറ്റിയെ ചുമതലപ്പെടുത്തി. ടി.പി. പീതാംബരൻ, തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രൻ എന്നിവരെ എൻ.സി.പി നേതൃത്വം ചർച്ചയ്ക്ക് നേരത്തേ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വളഞ്ഞ വഴിയിൽ ഇടതുമുന്നണിയിൽ കടന്നുകൂടുന്നതിനോട് യോജിപ്പില്ലെന്ന് ഗണേശ് കുമാർ വ്യക്തമാക്കി. കോഴിക്കോട്ട് വ്യാഴാഴ്ച പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുത്ത ഗണേശ് കുമാർ, വൈകിട്ടത്തെ ഉന്നതാധികാര സമിതി യോഗം ബഹിഷ്കരിച്ചു. താൻ വേറെ വഴി നോക്കുമെന്നാണ് ഗണേശിന്റെ മുന്നറിയിപ്പ്. ഘടകകക്ഷിയായ എൻ.സി.പിക്ക് ഒരു മന്ത്രിസ്ഥാനമേ ഉള്ളൂ. ആ സ്ഥാനത്ത് എ.കെ. ശശീന്ദ്രൻ തുടരുന്നത് തന്റെ വഴി എന്നെന്നേക്കുമായി അടയ്ക്കുമെന്ന കണക്കുകൂട്ടലാണ് എതിർപ്പിന് കാരണമെന്ന് സൂചനയുണ്ട്.