ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്ത് നാളികേര ഉത്പാദനത്തിൽ കേരളമായിരുന്നു പ്രഥമ സ്ഥാനത്ത്. കേരം തിങ്ങും നാടായിരുന്നു അന്ന് കേരളം. ഏഴുപതിറ്റാണ്ട് പിന്നിട്ടപ്പോൾ നാളികേര ഉത്പാദനത്തിൽ സംസ്ഥാനം എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേരകൃഷി ഒാരോവർഷവും ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ജനസംഖ്യാവർദ്ധനയ്ക്കനുസരിച്ച് കൃഷിയിടവും കുറഞ്ഞുവരികയാണ്. നെൽകൃഷിക്ക് സംഭവിച്ച ദുര്യോഗം കേരകൃഷിയെയും ബാധിച്ചു. ഒൻപതുലക്ഷം ഹെക്ടറിൽ നെൽകൃഷി ഉണ്ടായിരുന്നത് ഇപ്പോൾ രണ്ടുലക്ഷം ഹെക്ടറിലായി ചുരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ 7.81 ലക്ഷം ഹെക്ടറിൽ തെങ്ങുകൃഷി ഉണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. തേങ്ങയ്ക്കും തേങ്ങ ഉത്പന്നങ്ങൾക്കും അടുത്ത കാലത്തുണ്ടായ ആകർഷകമായ വില തെങ്ങുകൃഷി അഭിവൃദ്ധിപ്പെടുത്താനുള്ള പ്രേരണയാണ്. കൃഷി കൂടുതൽ ശാസ്ത്രീയമായാൽ ഉത്പാദനവും വർദ്ധിക്കും. സർക്കാർ തലത്തിൽ നാളികേര കൃഷി വികസനത്തിന് ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. കുറെയൊക്കെ നടപ്പാകുന്നുമുണ്ട്. എന്നാൽ രോഗബാധ ഫലപ്രദമായി തടയാൻ കഴിയാത്തതിനാൽ പരമ്പരാഗത കൃഷിമേഖലകൾ പലതും കൈവിട്ടുപോയ പരുവത്തിലാണ്.
തെങ്ങുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും കായ്ഫലം കുറഞ്ഞവയ്ക്ക് പകരം നല്ലയിനം തെങ്ങിൻതൈകൾ വച്ചുപിടിപ്പിക്കാനുമുള്ള സമഗ്ര പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പത്തുവർഷം കൊണ്ട് പൂർത്തിയാകുംവിധമാണ് പദ്ധതി നടപ്പാക്കുന്നത്. ഒാരോവർഷവും പതിനഞ്ചുലക്ഷം തെങ്ങിൻതൈകൾ നടും. ഒാരോ വാർഡിലും എഴുപത്തഞ്ച് തൈയെങ്കിലും നട്ടിരിക്കണം.കൃഷിവകുപ്പ്, കാർഷിക സർവകലാശാല, നാളികേര വികസന കോർപ്പറേഷൻ , കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം എന്നീ സ്ഥാപനങ്ങൾക്കാണ് തൈ വിതരണത്തിന്റെ ചുമതല. കൃഷിവകുപ്പ് ഒരുവർഷം ആറുലക്ഷം നല്ലയിനം തൈകൾ നൽകുമ്പോൾ മറ്റു മൂന്ന് സ്ഥാപനങ്ങളും മൂന്നുലക്ഷം തൈകൾ വീതം കൃഷിക്കാരിൽ എത്തിക്കും. പത്തുവർഷം ഇതനുസരിച്ച് കാര്യം നടന്നാൽ കേര കൃഷിയിലും കേരോത്പാദനത്തിലും നഷ്ടപ്പെട്ട പഴയ പ്രതാപം വീണ്ടെടുക്കാൻ സംസ്ഥാനത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി പ്രായോഗികതലത്തിൽ വിജയിപ്പിക്കുന്നതിന്റെ ചുമതല കൃഷി വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കുമാണ്. അവയുടെ സമീപനത്തെ ആശ്രയിച്ചാണ് പദ്ധതിയുടെ വിജയം.
ഒരു പാക്കിന്റെയത്ര വിലപോലുമില്ലത്ത നിലയിലേക്ക് ഒരിടയ്ക്ക് നാളികേര വില താഴ്ന്നതാണ്. ആ സ്ഥിതി മാറി. ഇപ്പോൾ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും മറ്റു കേരോത്പന്നങ്ങൾക്കും മികച്ച വില ലഭ്യമായിട്ടുണ്ട്. എന്നാൽ ഇൗ സുവർണാവസരം മുതലാക്കാൻ പാകത്തിൽ ഉത്പാദനം വർദ്ധിപ്പിക്കാനാകുന്നില്ലെന്നതാണ് കേര കർഷകർ നേരിടുന്ന പ്രശ്നം. ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ പരിചരണത്തിന്റെ അഭാവം വളരെ പ്രകടമാണ്. തെങ്ങ് വളർന്ന് ഫലം നൽകാൻ തുടങ്ങുന്നതോടെ വിളവെടുക്കുന്നതിനപ്പുറം തെങ്ങിനടുത്തേക്ക് പോകുന്നതുതന്നെ അപൂർവമാണ്. കൂലിച്ചെലവ് ഉയർന്നതോടെ തെങ്ങിന് അവശ്യംവേണ്ട പരിചരണംപോലും നൽകാൻ പലർക്കും കഴിയാറില്ല. വളത്തിന്റെയും ജലസേചനത്തിന്റെയും കാര്യം പറയാനുമില്ല. കേര കർഷകർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരിതം വിളവെടുക്കാൻ സമയത്തും കാലത്തും തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ്. പരമ്പരാഗതമായി ഇൗ ജോലി ചെയ്തിരുന്നവർ ഒട്ടുമുക്കാലും രംഗമൊഴിഞ്ഞതോടെയാണ് ഇൗ സ്ഥിതി ഉണ്ടായത്. പുതിയ തലമുറക്കാർ ആകർഷകമായ മറ്റു പണികൾ തേടിപ്പോയതോടെ പ്രശ്നം കൂടുതൽ രൂക്ഷമായിട്ടുണ്ട്. തെങ്ങുകയറ്റ പരിശീലന സ്ഥാപനങ്ങളും യന്ത്രങ്ങളുമൊക്കെ വന്നെങ്കിലും അഞ്ചും പത്തും തെങ്ങുള്ള സാധാരണക്കാർ ജോലിക്കാരെ കാത്ത് മാസങ്ങൾതന്നെ കഴിയേണ്ട സ്ഥിതിയാണ് പലേടത്തും. കാറ്റുവീഴ്ച, മണ്ഡരി തുടങ്ങിയ രോഗങ്ങൾക്ക് ഇതുവരെ ഫലപ്രദമായ പരിഹാരമുണ്ടാകാത്തതും വലിയ പ്രശ്നമാണ്. പ്രായമെത്തിയതും കായ്ഫലം കുറവായതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം ഉത്പാദനശേഷി കൂടിയ തൈകൾ വച്ചുപിടിപ്പിക്കാനുള്ള പദ്ധതി വർഷങ്ങൾക്കുമുമ്പേ തുടങ്ങിയതാണ്. മുറിച്ചുമാറ്റുന്ന തെങ്ങുകൾക്ക് സർക്കർ പ്രതിഫലവും നിശ്ചയിച്ചിരുന്നു. എന്നാൽ കർഷകരുടെ ഉദാസീനതയാണോ സർക്കാർ സംവിധാനങ്ങളുടെ സ്വതസിദ്ധമായ നൂലാമാലകളാണോ എന്നറിയില്ല ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വലിയ തോതിൽ രോഗംബാധിച്ച പ്രദേശങ്ങളിൽപോലും പദ്ധതിയുടെ പ്രയോജനമെത്തിയിട്ടില്ലെന്നതിന് അവിടെ നിൽക്കുന്ന തെങ്ങുകളാണ് സാക്ഷി.
സമഗ്ര കേര വികസന പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോൾ കേര കർഷകർ നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പദ്ധതി നടത്തിപ്പുകാർ സവിസ്തരം പഠിക്കേണ്ടതുണ്ട്. ഒാരോവർഷവും വിതരണം ചെയ്യാനുദ്ദേശിക്കുന്ന പതിനഞ്ചുലക്ഷം നല്ലയിനം തെങ്ങിൻതൈകൾ യഥാർത്ഥ കർഷകരിൽത്തന്നെ എത്തണം. വിതരണം ചെയ്യുന്ന തൈകളുടെ കണക്ക് രജിസ്റ്ററിൽ മാത്രമാകരുത് വനവത്കരണവാരകാലത്തെ തൈ വിതരണം പോലെയാകരുത് കാര്യങ്ങൾ. രണ്ടോമൂന്നോ സെന്റിൽ കഴിയുന്നവരും നിവൃത്തിയുണ്ടെങ്കിൽ വീട്ടുമുറ്റത്ത് ഒരു തെങ്ങെങ്കിലും വച്ചുപിടിപ്പിക്കാൻ താത്പര്യമുള്ളവരായിരിക്കണം. പദ്ധതി അവരിലേക്കും എത്തണം.
നാളികേര ഉത്പാദനം വർദ്ധിക്കുന്നതോടെ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ ഉണ്ടാക്കി കൂടുതൽ വരുമാനമുണ്ടാക്കാനുള്ള സാദ്ധ്യതയും തെളിയും. ഇപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള വ്യവസായികളാണ് ഇൗ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ഇൗ സ്ഥിതിവിശേഷവും മാറ്റിയെടുക്കണം. തകർന്നുകിടക്കുന്ന കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനും നാളികേര ഉത്പാദന വർദ്ധന ഏറെ സഹായിക്കും. ചകിരി ഇറക്കുമതിയിൽനിന്ന് കയർ വ്യവസായത്തെ രക്ഷിക്കാൻ കഴിഞ്ഞാൽത്തന്നെ വലിയ നേട്ടമാകും.