sabarimala

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുടെ പുനഃപരിശോധനയിൽ സുപ്രീംകോടതി എന്ത് തീരുമാനമെടുത്താലും അത് നടപ്പാക്കാൻ ഇന്നലെ ചേർന്ന ദേവസ്വംബോർഡ് യോഗം തീരുമാനിച്ചു. കോടതി ചോദിച്ചാൽ മാത്രമേ, സന്നിധാനത്തും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലുമുണ്ടായ അക്രമസംഭവങ്ങളപ്പറ്റി അറിയിക്കൂ. നവംബർ 13 നാണ് പുനഃപരിശോധനാ ഹർജികൾ കോടതി പരിഗണിക്കുന്നത്. ഈ തീരുമാനത്തോടെ ശബരിമല വിഷയത്തിൽ സർക്കാരിന്റെ വരുതിയിലേക്ക് പൂർണമായും എത്തിയിരിക്കുകയാണ് ദേവസ്വംബോർഡ്.

തിരുവിതാംകൂർ ദേവസ്വംബോർഡിന് കോടതിയിൽ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാൽ മാത്രമായിരിക്കും ബോർഡിന്റെ നിലപാട് അഭിഭാഷകൻ വ്യക്തമാക്കുക. ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം സുപ്രീംകോടതിയിൽ ഹാജരാവും. മനു അഭിഷേക് സിംഗ്‌വിയാണ് നേരത്തേ ഹാജരായത്. ആര്യാമ സുന്ദരവുമായി കേസിന്റെ കാര്യങ്ങൾ ചർച്ചനടത്താനും മതിയായ വിശദാംശങ്ങൾ നൽകാനും ദേവസ്വം കമ്മിഷണർ എൻ. വാസുവിനെയും ഹൈക്കോടതി സ്റ്റാൻഡിംഗ് കോൺസൽമാരായ കെ. ശശികുമാർ, എസ്. രാജ്മോഹൻ എന്നിവരെയും ചുമതലപ്പെടുത്തും. കേസ് സുപ്രീംകോടതി പരിഗണിച്ച കാലഘട്ടത്തിൽ ബോർഡിന്റെ പ്രസിഡന്റായിരുന്ന, പ്രമുഖ അഭിഭാഷകൻ കൂടിയായ എം. രാജഗോപാലൻ നായരുടെ വിദഗ്ദ്ധ അഭിപ്രായവും ആരായും.