gh

തിരുവനന്തപുരം: ''ശത്രുക്കളോട് പോലും ആരും ഇങ്ങനെ ചെയ്യരുത്. തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഡിവൈ.എസ്.പി സനലിനെ പട്ടിയെ പോലെ തല്ലിയതും കാറിന് മുന്നിലേക്കിട്ട് കൊന്നതും.''- ഉറ്റ സുഹൃത്ത് കൺമുന്നിൽ പിടഞ്ഞു മരിച്ചത് ഓർക്കുമ്പോൾ കൊടങ്ങാവിള സ്വദേശികളായ അനീഷും രഞ്ചുവും വിങ്ങിപ്പൊട്ടുകയാണ്. ഡിവൈ.എസ്.പി സനലിന്റെ കൊടും ക്രൂരതയ്ക്ക് ദൃക്സാക്ഷിയാണ് അനീഷ്. നെയ്യാറ്റിൻകര താലൂക്കാശുപത്രിയിലേക്ക് സനലിനെ കൊണ്ടുപോയ ആംബുലൻസിൽ പൊലീസിനൊപ്പം കയറിയത് രഞ്ചുവായിരുന്നു. കണ്ട കാര്യങ്ങൾ ഏത് കോടതിയിലും പറയുമെന്ന ഉറച്ചനിലപാടിലാണ് ഇരുവരും. ആ ഭീകര നിമിഷങ്ങൾ അനീഷ് ഓർത്തെടുത്തു,- ''പതിവ് പോലെ തിങ്കളാഴ്ചയും സനലിനൊപ്പം പണിക്ക് പോയി. വൈകിട്ട് ആറോടെ കാവുവിളയിലെ സനലിന്റെ വീട്ടിലെത്തി ചായയും കുടിച്ച് നാളെ കാണാമെന്ന് പറഞ്ഞ് പിരിഞ്ഞു. നെയ്യാറ്റിൻകര പോയി രാത്രി 9.45ന് ഭാര്യയും കുഞ്ഞുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സുൽത്താന ഹോട്ടലിന് മുന്നിൽ ആൾക്കൂട്ടം കണ്ട് ഇറങ്ങി. സനലിനോട് ഡിവൈ.എസ്.പി ഹരികുമാർ തട്ടിക്കയറുന്നതാണ് കണ്ടത്. ടീ ഷർട്ടും പാന്റ്സും സ്പോർട്സ് ഷൂസുമായിരുന്നു അയാളുടെ വേഷം. ഡിവൈ.എസ്.പിയാണെന്ന് മനസിലാക്കിയ നാട്ടുകാർ അടുക്കുന്നില്ല. 'എടുത്ത് മാറ്റെടാ നിന്റെ വണ്ടി, ഞാൻ ആരാണെന്ന് കാണിച്ചുതരാം'- എന്നായിരുന്നു ആക്രോശം. ആരെയോ ഫോൺവിളിച്ച് 'ജീപ്പുമായി പെട്ടെന്ന് കൊടങ്ങാവിളയിൽ വാ, ഒരുത്തനെ കൊണ്ടുപോകാനുണ്ട് ' എന്നു പറഞ്ഞു. പിന്നാലെ സനലിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.

സനൽ കാർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ കവിളിൽ ഹരികുമാർ ആഞ്ഞടിച്ചു. ശേഷം കാറിന്റെ ഡോർ ചവിട്ടി അടച്ചു. കാർ റോഡിന് എതിർവശത്തേക്ക് മാറ്റിയിട്ട ശേഷം പുറത്തിറങ്ങിയ സനൽ ഡോറിന് തകരാറുണ്ടോയെന്ന് നോക്കവെ ഹരികുമാർ വീണ്ടും പാഞ്ഞെത്തി. സനലിന്റെ വലതു കൈ പിന്നിലേക്ക് പിടിച്ച് ഞെരിച്ചൊടിച്ചു. വേദന കൊണ്ട് പുളഞ്ഞ സനൽ ഇടത് കൈകൊണ്ട് ഹരികുമാറിന്റെ കൈതട്ടിമാറ്റാൻ ശ്രമിച്ചു. ഇതിനിടെ അയാൾ ഇരു കൈകളും കൊണ്ട് സനലിന്റെ നെഞ്ചിൽ ബലമായി കുത്തിപ്പിടിച്ച് റോഡിലേക്ക് ചവിട്ടിത്തള്ളി. കൊടങ്ങാവിള ഭാഗത്തേക്ക് വന്ന കാറിലിടിച്ച് സനൽ തെറിച്ചു ദൂരേക്ക് വീണു. സനലിന്റെ ശരീരത്തിൽ നിന്ന് ചോര ഒലിക്കുന്നത് കണ്ട നാട്ടുകാർ ഹരികുമാറിനെ ഓടിച്ചു. സുഹൃത്ത് ബിനു കാറുമായെത്തിയപ്പോൾ ഓടിക്കയറി രക്ഷപ്പെടുകയും ചെയ്തു. സനലിനെ അനീഷ് തട്ടിവിളിച്ചെങ്കിലും അനക്കമുണ്ടായില്ല. പിന്നാലെ സനൽ ഛർദ്ദിച്ചു. ഈ സമയം സ്ഥലത്തെത്തിയ നെയ്യാറ്റിൻകര എസ്.ഐയും സംഘവും ഛർദ്ദി തുടയ്ക്കാനും മുഖം കഴുകി കൊടുക്കാനും ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് ആംബുലൻസ് എത്തിയത്.

വീട്ടിലായിരുന്ന രഞ്ചുവിനെ രാത്രി 10.15ന് സുഹൃത്ത് അരുണാണ് വിവരം അറിയിച്ചത്. രഞ്ചു സംഭവ സ്ഥലത്ത് പാഞ്ഞെത്തി. പൊലീസുകാരനും രഞ്ചുവും അനീഷും ചേർന്നാണ് സനലിനെ ആംബുലൻസിലേക്ക് മാറ്റിയത്. രഞ്ചു പൊലീസുകാരനൊപ്പം കയറി. നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചപ്പോൾ, അതീവ ഗുരുതരാവസ്ഥയിലുള്ള സനലിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ പറഞ്ഞു. ഈ വിവരം സനലിന്റെ കൂട്ടുകാരെ അറിയിക്കാൻ രഞ്ചു ആശുപത്രിക്ക് പുറത്തിറങ്ങി. മടങ്ങിയെത്തിയപ്പോഴേക്കും ആംബുലൻസുമായി പൊലീസ് കടന്നുകളഞ്ഞു. അനീഷിനൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയപ്പോൾ സനൽ മരിച്ചെന്ന് കൂടിനിന്ന പൊലീസുകാർ അറിയിച്ചു - നിറകണ്ണുകളോടെ രഞ്ചു പറഞ്ഞു.