നേമം: വീട് വയ്ക്കുന്നതിന് പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നുള്ള ദൂരഭൂപരിധി 100 മീറ്ററിൽ നിന്നും 10 മീറ്ററായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് സങ്കട സംഗമം സംഘടിപ്പിച്ചു. പൂജപ്പുര മേഖലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ നൻമയുടെ ആഭിമുഖ്യത്തിൽ പാങ്ങോട് വിവേകാനന്ദ നഗർ നാട്ടിൽ വച്ച് സങ്കട സംഗമം സംഘടിപ്പിച്ചത്. പാങ്ങോട് കൗൺസിലർ എസ്. മധുസൂദനൻ നായർ സംഗമം ഉദ്ഘാടനം ചെയ്തു. നന്മ കൂട്ടായ്മയുടെ ജനറൽ കൺവീനർ അഡ്വ. പ്രസന്നകുമാർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ പി.ടി.പി നഗർ കൗൺസിലർ എസ്. കോമളകുമാരി, വിവേകാനന്ദനഗർ അസോസിയേഷൻ പ്രസിഡന്റ് പി.ജി. ഭാസ്കരൻ നായർ പ്രദേശത്തെ മറ്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സൈനിക ക്യാമ്പിൽ നിന്നും 100 മീറ്റർ അകലത്തിൽ മാത്രമെ സ്വകാര്യ വ്യക്തികൾ കെട്ടിടം നിർമ്മിക്കുവാൻ പാടുള്ളു എന്ന നിയമം നിലനിൽക്കുന്നതിനാൽ പ്രദേശത്ത് സ്ഥലമുള്ള നിരവധി പേർ വീട് നിർമ്മിക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ്. സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപെട്ട് കേന്ദ്ര ഗവൺമെന്റിനെ കൊണ്ട് അനുകൂല തീരുമാനം നേടിത്തരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.