tipper

ആര്യനാട്: ഗ്രാമവാസികൾക്ക് ഭീഷണിയുയർത്തി അമിതവേഗത്തിൽ പായുകയാണ് ടിപ്പറുകൾ. നേരം പുലരുന്നതിന് മുൻപ് തന്നെ അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്. റോഡിൽ മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന കാര്യം വകവെയ്ക്കാതെയാണ് ഇവരുടെ മരണപ്പാച്ചിൽ. അമിതവേഗം കാരണം അപകടം ഉണ്ടായാൽ മിക്കവാറും ട്രൈവർമാർ രക്ഷപെടാറാണ് പതിവ്. മാത്രമല്ല, ടിപ്പറിടിച്ച് അപകടത്തിൽപ്പെടുന്നവരെ തിരിഞ്ഞുനോക്കാനുള്ള മനസാക്ഷിപേലും ടിപ്പർ മുതലാളിമാർക്കോ ഡ്രൈവർമാർക്കോ ഇല്ല. അപകടം നടന്നാൽ ഇന്നത സ്വാധീനം ഉപയോഗിച്ച് ഉടമയും ഡ്രൈവറും രക്ഷപെടാറുണ്ടെന്നും ആക്ഷേപമുണ്ട്. എന്നാൽ അപകടത്തിൽപ്പെട്ട് കയ്യും കാലും തലയിലും ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽക്കഴിയുന്നവരെ കാണാനോ ഒരു കൈ സഹായത്തിനോ തയ്യാറാവില്ല.

 അപകട ഭീതിയിൽ ജനം

ടൗണുകളിൽ ടിപ്പറുകളുടെ പ്രവേശനത്തിന് സമയ പരിധിയുള്ളതിനാൽ പലപ്പോഴും രാവിലേ തന്നെ ലോറികൾ നിരത്തിലിറങ്ങും. ഗ്രാമീണ മേഖലയിൽ നിന്നും മണലോ, പാറയോ പാറപ്പൊടിയോ കയറ്റി അമിതവേഗത്തിൽ വരുന്ന ടിപ്പറുകൾ ഇടിച്ച് പരിക്കേൽക്കുന്നവരിൽ കൂടുതലും പ്രഭാത സവാരിക്ക് ഇറങ്ങുന്നവരൊ സൈക്കിളിൽ സ്കൂളിൽ പേകുന്ന കുട്ടികളൊ ആണ്. പലരും ഇപ്പോൾ നിരത്തിലിറങ്ങുന്നത് അപകടഭീതിയിലാണ്.

ആവശ്യം ശക്തം

നഗര പ്രദേശങ്ങളിലേതുപോലെ ഗ്രാമ പ്രദേശങ്ങളിലും ടിപ്പറുകളുടെ പകൽ ഓട്ടത്തിന് നിയന്ത്രണം വച്ചാൽ ടിപ്പർ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാം. ഇതിന് പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് കാട്ടാക്കട ജംഷനിൽ വച്ച് അശ്രദ്ധമായി പാറക്വാറിയിലേക്ക് പോയ ടിപ്പർ ലോറി സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് ടിപ്പറിനടിയിൽപ്പെട്ട പെൺകുട്ടി രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. കുട്ടിയ്ക്ക് ചികിത്സ നൽകാൻ പോലും ഇവർ ശ്രദ്ധിച്ചില്ലന്നും പരാതിയുണ്ട്.

പരിഹാരമാർഗ്ഗങ്ങൾ

സ്കൂൾ സമയങ്ങളിൽ ടിപ്പറിന്റെ ഒാട്ടം നിയന്ത്രിക്കുക, പാറയുമായുള്ള യാത്രയിൽ പൊടിപടലങ്ങൾ പറയ്ക്കാതിരിക്കാൻ സംവിധാനം ഒരുക്കുക, ടിപ്പറുകളുടെ അമിതവേഗത, അമിതഭാരം എന്നിവ ഒഴിവാക്കുക, യാത്രക്കിടെ പാറകഷണങ്ങൾ റോഡിൽ വീഴുന്നത് ഒഴിവാക്കാൻ നടപടിയെടുക്കുക എന്നിവയാണ് അത്യാവശ്യമായി ചെയ്യേണ്ടത്.