കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ കോർപ്പറേഷൻ വിദേശ തൊഴിൽ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽരഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴിൽദാതാവിൽ നിന്നും തൊഴിൽ നൽകുന്നതിനു ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ളവരും ആകണം. ഭാരത സർക്കാരിന്റെ പ്രൊട്ടക്ടർ ജനറൽ ഒഫ് എമിഗ്രൻസ് പെർമിറ്റ് നൽകിയിട്ടുള്ള തൊഴിൽദാതാക്കളോ റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴിൽ ലഭിച്ചുപോകുന്നവരുടെ അപേക്ഷകൾ മാത്രമേ വായ്പയ്ക്കായി പരിഗണിക്കുകയുള്ളൂ. നോർക്ക റൂട്ട്‌സ്, ഒഡെപെക് എന്നീ സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18 മുതൽ 55 വയസുവരെയുള്ള പ്രായപരിധിയിൽപ്പെട്ടവരും ആയിരിക്കണം. കുടുംബവാർഷിക വരുമാനം 3,50,000 രൂപ കവിയരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയും, അതിൽ ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയുമാണ്. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വർഷവുമാണ്. അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുള്ള വർക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോർട്ട്, എമിഗ്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ അത് എന്നിവ ലഭിച്ചിരിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ നൽകുന്നതിന് കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ/ ടെക്‌നിക്കൽ കോഴ്‌സുകളിലും ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ കോഴ്‌സിലും പഠനം നടത്തുന്ന പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18നും 35നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാർഷിക വരുമാനം 1,50,000 രൂപയിൽ കവിയരുത്. അപേക്ഷകർ പഠനം നടത്തുന്ന സ്ഥാപനം സർക്കാർ ഉടമസ്ഥതയിലുള്ളതോ സർക്കാർ അംഗീകൃതമോ ആയിരിക്കണം. മുഴുവൻ സമയ റഗുലർ കോഴ്‌സുകൾ മാത്രമേ വായ്പയ്ക്കായി പരിഗണിക്കുകയുള്ളൂ. തിരഞ്ഞെടുത്ത കോഴ്‌സ് എ.ഐ.സി.ടി.ഇ, യു.ജി.സി, നഴ്‌സിംഗ് കൗൺസിൽ തുടങ്ങിയ ബന്ധപ്പെട്ട ഏജൻസികൾ അംഗീകരിച്ചതായിരിക്കണം. കോഴ്‌സിൽ പ്രവേശനം ലഭിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ ബന്ധപ്പെട്ട കോളേജധികൃതരുടെ സാക്ഷ്യപത്രം സഹിതം അപേക്ഷയോടൊപ്പം ഹാജരാക്കണം. മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഈ ആവശ്യത്തിന് വായ്പ ലഭിച്ചവരെ വീണ്ടും പരിഗണിക്കുന്നതല്ല. (ഇന്ത്യയ്ക്കകത്ത് പഠനം നടത്തുവാൻ പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും) വായ്പാ തുക പഠനം കഴിഞ്ഞ് ആറുമാസത്തിനു ശേഷം അഥവാ ഉദ്യോഗം ലഭിക്കുമ്പോൾ (ഏതാണോ ആദ്യം ആ ക്രമത്തിൽ) നിശ്ചിത ശതമാനം പലിശ നിരക്കിൽ അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. പലിശ നിരക്ക് വിദ്യാർത്ഥികൾക്ക് നാലു ശതമാനവും വിദ്യാർത്ഥിനികൾക്ക് മൂന്നര ശതമാനവും ആയിരിക്കും.
വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷകർ വായ്പാ സംബന്ധമായി കോർപ്പറേഷൻ നിർദ്ദേശിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കണം.
അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
ആർ.എം.ഐ പദവി പുതുക്കണം
ഫോറം ത്രീ ജി പെർമിറ്റുകളുടെ കാലാവധി അവസാനിക്കുന്ന ഡിസംബർ 31 ന് മുമ്പ് എല്ലാ അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളും (ആർ.എം.ഐ) ആർ.എം.ഐ പദവി പുതുക്കുന്നതിനുള്ള അപേക്ഷ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ മുമ്പാകെ സമർപ്പിക്കണം. വിശദവിവരങ്ങൾ www.dc.kerala.gov.in ൽ. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പുതുക്കൽ ഫീസിന്റെ തുക സർക്കാരിൽ നിന്ന് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഇതു സംബന്ധിച്ച് സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് പുതുക്കൽ ഫീസ് അടയ്‌ക്കേണ്ടതാണ്.