cartoon

ചിറയിൻകീഴ്: മേൽകടയ്ക്കാവൂർ- ആനത്തലവട്ടം ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തിവച്ചത് യാത്രക്കാരെ വലയ്ക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി നിത്യേനെ ഉണ്ടായിരുന്ന സർവീസാണ് ഒരു മാസത്തിലേറെയായി നിറുത്തിവച്ചത്. രാവിലെ 7.30ന് ആറ്റിങ്ങൽ നിന്ന് തിരിക്കുന്ന സർവീസ് തിനവിള, മേൽകടയ്ക്കാവൂർ - ആനത്തലവട്ടം വഴി ചിറയിൻകീഴിലെത്തി തിരിച്ച് ഇതേ റൂട്ടിൽ ആറ്റിങ്ങൽ വഴി മെഡിക്കൽ കോളേജിൽ എത്തുമായിരുന്നു. സാധാരണക്കാരായ രോഗികൾക്കും ബന്ധുക്കൾക്കും രാവിലെയുള്ള ഈ സർവീസ് ഏറെ ആശ്വാസവും പ്രയോജനകരവുമായിരുന്നു. മാത്രമല്ല ദേശീയപാതയിലെത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോകുന്ന തൊഴിലാളികളും വിദ്യാർത്ഥികളും സാധാരണക്കാരും ആശ്രയിച്ചിരുന്നത് ഈ ബസിനെയായിരുന്നു. വൈകിട്ട് ആറ് മുപ്പതിനും ആറ്റിങ്ങലിൽ നിന്ന് ഇതേ റൂട്ടിൽ ചിറയിൻകീഴിലേക്കും തിരിച്ചും സർവീസുണ്ടായിരുന്ന ട്രിപ്പാണ് പാടേ നിറുത്തലാക്കിയത്. മേൽകടയ്ക്കാവൂർ പുതിയകട ഭാഗത്ത് സ്വകാര്യ വ്യക്തി റോഡിൽ മെറ്റലിറക്കിയതുമായി ബന്ധപ്പെട്ട് ബസിന്റെ ഒരു ട്രിപ്പ് വഴി തിരിച്ച് വിടേണ്ടി വന്നു. അതിനുശേഷമാണ് ഈ റൂട്ടിലേക്ക് സർവീസ് നിറുത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രൈവറ്റ് ബസുകൾ കടന്ന് ചെന്നിട്ടില്ലാത്ത ആനത്തലവട്ടം - മേൽകടയ്ക്കാവൂർ പാതയിലെ ജനങ്ങൾക്ക് ഏക ആശ്രയമായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഈ സർവീസുകൾക്ക് ഭേദപ്പട്ട കളക്ഷനും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ജനങ്ങളുടെ നിലവിലെ ദുരിതാവസ്ഥ കണക്കിലെടുത്ത് അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.