തിരുവനന്തപുരം : ജീവിച്ച് തുടങ്ങും മുമ്പേ ഭർത്താവിനെ മരണത്തിലേക്ക് തള്ളിവിട്ട കാക്കിയിട്ട കാട്ടാളൻ അറസ്റ്റിലായെന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ് നെയ്യാറ്റിൻകര കാവുവിള ചിറത്തലവിളാകം വീട്ടിൽ സനലിന്റെ ഭാര്യ വിജി. സംഭവം നടന്ന് അഞ്ചു ദിവസം കഴി‌ഞ്ഞിട്ടും കൊലയാളി അറസ്റ്റിലായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ കിടപ്പുമുറിയിൽ നിലത്ത് ജലപാനം പോലുമില്ലാതെ കിടക്കുകയായിരുന്ന വിജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉന്നതരാണ് ഡിവൈ.എസ്.പിയെ സംരക്ഷിക്കുന്നതെന്നും ഇങ്ങനെയാണെങ്കിൽ സാധാരണക്കാർക്ക് എങ്ങനെ നീതി ലഭിക്കുമെന്നും വിജി ചോദിക്കുന്നു. ഡിവൈ.എസ്.പിയുടെ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ നിരാഹാര സമരം തുടങ്ങാനാണ് വിജിയുടെയും സനലിന്റെ സഹോദരി സജിതയുടെയും തീരുമാനം. ആക്‌ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആദ്യ ദിവസം സെക്രട്ടേറിയറ്രിന് മുന്നിലും തുടർന്ന് കൊടങ്ങാവിളയിൽ സംഭവം നടന്ന സ്ഥലത്തും നിരാഹാര സമരം നടത്തും. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നലെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കുടുംബത്തിന് നഷ്ടപരിഹാരവും വിജിക്ക് ജോലിയും നൽകുന്ന കാര്യത്തിൽ ബുധനാഴ്ച മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ബന്ധുക്കളും സനലിന്റെ സുഹൃത്തുക്കളും നാട്ടുകാരും മാർച്ചിൽ പങ്കെടുത്തു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ നിവേദനം

ക്രൈംബ്രാഞ്ച് എസ്.പി ആന്റണിയെ മാറ്റി നേരിട്ട് ഐ.പി.എസ് നേടിയ ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിജിയുടെ നിവേദനം ഇന്നലെ കെ. ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. കേസ് ആന്റണി അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്ന് ഭയപ്പെടുന്നതായി നിവേദനത്തിൽ പറയുന്നു.