നെടുമങ്ങാട് : വിശ്വാസ സംരക്ഷണത്തിനും വർഗീയതയ്ക്കുമെതിരെ കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ. മുരളീധരന്റെ നേതൃത്വത്തിൽ ജാഥ നടക്കാനിരിക്കെ, നെടുമങ്ങാട്ട് കോൺഗ്രസിൽ നിന്ന് പ്രവർത്തകർ ബി.ജെ.പിയിലേക്ക്. എ ഗ്രൂപ്പുകാരാണ് നീക്കം സജീവമാക്കിയത്. ജാഥ വിജയിപ്പിക്കാൻ കഴിഞ്ഞദിവസം വിളിച്ച ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും പങ്കെടുത്തില്ല. എ ഗ്രൂപ്പുകാരായ കരിപ്പൂര്, ടൗൺ, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റുമാരും ഡി.സി.സി ഭാരവാഹികളുമാണ് വിട്ടുനിന്നത്. ഐ ഗ്രൂപ്പുകാരനായ ബ്ലോക്ക് പ്രസിഡന്റിനെ വരുതിയിൽ നിറുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
കുറേനാളായി ഐ, എ ഗ്രൂപ്പുകൾ വെവ്വേറെ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ഫണ്ട് ശേഖരണത്തിനായി എം.എം. ഹസൻ പങ്കെടുത്ത മേഖല യോഗം ഐ ഗ്രൂപ്പുകാർ ബഹിഷ്കരിച്ചപ്പോൾ ഇന്ദിരാഗാന്ധി അനുസ്മരണ പരിപാടികൾ എ ഗ്രൂപ്പും തഴഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ എ വിഭാഗം ബ്ലോക്ക് ഭാരവാഹികളും ഡി.സി.സി സെക്രട്ടറിയും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്തില്ല. മാർക്കറ്റ് ജംഗ്‌ഷനിൽ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണത്തിലും എ ഗ്രൂപ്പ് പ്രവർത്തകരുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിരുദ്ധ സമരത്തിൽ ഐ ഗ്രൂപ്പ് നേതാക്കൾ പാടെ മാറി നിന്നു. അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ആദ്യകാല പ്രവർത്തകന് അവാർഡ് നൽകിയതിനെ ചൊല്ലിയും വിഭാഗീയത രൂക്ഷമാണ്. എ ഗ്രൂപ്പുകാർ നേതൃത്വവുമായി ആലോചിക്കാതെയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചതെന്ന ആരോപണവുമായി മറുവിഭാഗം ഡി.സി.സി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.നഗരസഭ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂന്ന് മണ്ഡലമായി വിഭജിച്ചപ്പോഴും അർബൻ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ പാനലിനെ നിശ്ചയിച്ചപ്പോഴും ഒരു വിഭാഗത്തെ പൂർണമായി കൈയൊഴിഞ്ഞുവെന്നാണ് മറ്റൊരു പരാതി. നഗരസഭ കൗൺസിലിൽ കോൺഗ്രസ് അംഗങ്ങൾ സി.പി.എമ്മുമായി ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിനിടെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ഇടപെട്ടാണ് അതൃപ്തരായ കോൺഗ്രസ് പ്രവർത്തകർക്ക് ബി.ജെ.പിയിൽ ചേരാൻ അവസരമൊരുക്കുന്നത്.