kovalam

കോവളം: വാഹാനാപകട കേസുകൾ ലോക്കൽ പൊലിസിനെ ഏല്പിക്കാൻ സർക്കാർ നടപടിയെടുക്കുമ്പോഴും അപകടത്തിൽപ്പെടുന്ന വാഹനങ്ങളെ യഥാസമയം പൊലിസ് സ്റ്റേഷനുകളിൽ എത്തിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കോവളം - വാഴമുട്ടം പാച്ചല്ലൂർ ബൈപാസുകളിൽ ഏതാനും മാസങ്ങൾക്കു മുമ്പ് നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ പല തവണ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട ശേഷമാണ് അപകടത്തിൽപ്പെട്ട വാഹനങ്ങളെ ഇവിടെ നിന്നു കൊണ്ടുപോയതെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാനത്തെ ട്രാഫിക് സംവിധാനം ശക്തമാക്കാനുള്ള നടപടിയുടെ തുടക്കമായാണ് സെപ്തംബർ 1 മുതൽ അപകട കേസുകൾ അതാതു സ്റ്റേഷനുകൾക്ക് നൽകിയത്. റോഡപകടങ്ങൾ വർദ്ധിക്കുന്നത് തടയിടാനായെങ്കിലും കൂടുതൽ ശ്രദ്ധ വേണമെന്ന നിലപാടും ഗതാഗത നിയന്ത്രണത്തിനൊപ്പം നിയമങ്ങൾ നടപ്പാകുന്നുണ്ടെന്ന് ട്രാഫിക് പൊലിസ് ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടും കാര്യങ്ങൾ സുഗമമായി നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഏതാനും മാസങ്ങൾക്കു മുമ്പ് വാഴമുട്ടത്തിനും പാച്ചല്ലൂരിനും മധ്യേഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻ വീലും എൻജിനും റോഡരികിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പല തവണ പൊലീസ് ഇതുവഴി സഞ്ചരിച്ചിട്ടും ആട്ടോറിക്ഷ ഇവിടെ നിന്നു കൊണ്ടുപോകാൻ തയ്യാറായില്ല. എന്നാൽ വാഴമുട്ടത്തിനടുത്ത് ഉപേക്ഷിച്ചിട്ടുള്ള ആട്ടോറിക്ഷയുടെ ആർ.സി ഉടമ വാഹനം സ്വന്തം ചെലവിൽ ഇവിടെ നിന്ന് മാറ്റി കൊള്ളാമെന്ന് രേഖാമൂലം സമ്മിതിച്ചിരുന്നതായും വാഹനം മാറ്റാത്തതിനാൽ നിയമ നടപടിക്ക് നോട്ടീസ് നൽകിയതായും തിരുവല്ലം എസ്.ഐ ശിവകുമാർ പറഞ്ഞു.