നെടുമങ്ങാട് : റവന്യു ടവർ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിലേക്ക് നെടുമങ്ങാട് സബ് ട്രഷറി മാറ്റുന്നതിന് വേണ്ടി സി. ദിവാകരൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു. നഗരസഭ ടൗൺ ഹാളിൽ മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുപ്രവർത്തകരും പെൻഷൻ സംഘടനാ ഭാരവാഹികളും പെൻഷൻകാരും പങ്കെടുത്തു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 15ന് മന്ത്രി ടി.എം. തോമസ് ഐസക് നിർവഹിക്കുമെന്ന് എം.എൽ.എ അറിയിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 10 സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫും നെടുമങ്ങാട് മണ്ഡലത്തിൽ കഴിഞ്ഞ രണ്ടരവർഷം നടപ്പിലാക്കിയ പദ്ധതികളുടെ വികസന രൂപരേഖ പ്രകാശനവും 29 ന് മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. ജസ്റ്റിസ് കമാൽ പാഷ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും എം.എൽ.എ പറഞ്ഞു. രണ്ട് പരിപാടികളുടെയും വിജയത്തിനായി സംഘാടക സമിതി പ്രവർത്തിക്കും. ഭാരവാഹികളായി ചെറ്റച്ചൽ സഹദേവൻ (ചെയർമാൻ ), അഡ്വ.ആർ. ജയദേവൻ (ജനറൽ കൺവീനർ), അഡ്വ.എസ്. അരുൺകുമാർ, പൂവത്തൂർ ജയൻ (ജോയിന്റ് കൺവീനർമാർ), പാട്ടത്തിൽ ഷെരീഫ് (കൺവീനർ), കെ. സോമശേഖരൻ നായർ, കരിപ്പൂര് വിജയകുമാർ (വൈസ് ചെയർമാൻമാർ ) എന്നിവരടങ്ങിയ 35 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ധനകാര്യവകുപ്പ് ഭരണാനുമതി നൽകിയിട്ടും വാടകക്കെട്ടിടത്തിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് ട്രഷറി മാറ്റാത്തതു സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.