kerala-uni
kerala uni

തിരുവനന്തപുരം: സിൻഡിക്കേറ്റിന്റെ കാലാവധി കഴിയാറായെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ കേരള സർവകലാശാല പരാജയപ്പെട്ടതിനാൽ ആറു ദിവസം കൂടി കഴിയുമ്പോൾ കേരളയിലെ സിൻഡിക്കേറ്റ് അസാധുവാകും. മേയ് 16ന് സിൻഡിക്കേറ്റിന്റെ കാലാവധി കഴിഞ്ഞപ്പോൾ ആറുമാസത്തേക്ക് കാലാവധി നീട്ടി ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇത് നവംബർ 16ന് പൂർത്തിയാവും. ഇക്കാര്യം സർക്കാരിനെ അറിയിക്കാൻ കേരളയ്ക്ക് കഴിഞ്ഞില്ല. വിവരം അറിഞ്ഞെങ്കിൽ ആറുമാസത്തേക്ക് ഓർഡിനൻസിലൂടെ കാലാവധി നീട്ടാൻ സർക്കാരിന് കഴിയുമായിരുന്നു. ഈമാസം 27 മുതൽ നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണർക്ക് ശുപാർശ നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതിനാൽ ഇനി ഓർഡിനൻസ് ഇറക്കാനാവില്ല. ഇതിനിടയിൽ 16ന് സിൻഡിക്കേറ്റ് കാലാവധി കഴിഞ്ഞ് അസാധുവാകും. ഇതോടെ കേരളയിലെ ഭരണപ്രതിസന്ധിക്ക് ആക്കംകൂടും.

കേരള സർവകലാശാലയ്ക്കൊപ്പം ഓർഡിനൻസ് ഇറക്കിയ കാലിക്കറ്റ് സിൻഡിക്കേറ്റിന്റെയും കാലാവധി 16ന് കഴിയുമായിരുന്നു. പക്ഷേ, കാലിക്കറ്റ് സർവകലാശാല അറിയിച്ചതു പ്രകാരം കാലാവധി ആറുമാസത്തേക്ക് നീട്ടി ഓർഡിനൻസിറക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചു. സിൻഡിക്കേറ്റ് അസാധുവാകുന്നതോടെ സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും അധികാരം വൈസ് ചാൻസലർക്ക് നൽകുകയാണ് ഏക പോംവഴി. എന്നാൽ ബഡ്ജറ്റ് പാസാക്കാനോ പി.വി.സി നിയമനത്തിനോ ഉള്ള അധികാരം വി.സിക്കുണ്ടാവില്ല. പുതിയ വൈസ് ചാൻസലർ ആദ്യം സ്വീകരിക്കേണ്ട നടപടികളിലൊന്ന് പി.വി.സിയെ നിയമിക്കാൻ സിൻഡിക്കേറ്റിന് ശുപാർശ ചെയ്യുകയാണ്. പുതിയ നിയമപ്രകാരം വി.സിയുടെ ശുപാർശയിൽ സിൻഡിക്കേറ്റാണ് പി.വി.സിയെ നിയമിക്കേണ്ടത്. വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ ഡോ. അജയകുമാറാണ് ഇടതു കക്ഷികളുടെ പ്രതിനിധി. ഇതിനിടെ, പരീക്ഷാ കൺട്രോളർ ഡോ. മധുകുമാറും പി.വി.സി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു.

തീരുമാനങ്ങൾ വൈകും

സിൻഡിക്കേറ്റ് പുനരുജ്ജീവിപ്പിക്കാൻ, കേരള സർവകലാശാലാ നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കേണ്ടി വരും. സിൻഡിക്കേറ്റ് അസാധുവായതിനാൽ ബിരുദം നൽകുന്നതും പരീക്ഷാപേപ്പർ പർച്ചേസുമടക്കം നിരവധി സുപ്രധാന തീരുമാനങ്ങൾ വൈകും. സെനറ്റ് തിരഞ്ഞെടുപ്പിന് പ്രാഥമിക വിജ്ഞാപനമിറക്കിയിട്ടുണ്ടെങ്കിലും നടപടികൾ പൂർത്തിയാവാൻ നാലുമാസമെങ്കിലുമെടുക്കും. ഭേദഗതി ഓർഡിനൻസ് പ്രകാരം സെനറ്റിൽ നിന്ന് സിൻഡിക്കേറ്റിലേക്ക് 13 പേരെ തിരഞ്ഞെടുത്തിരുന്നത് 12 ആയി കുറഞ്ഞിട്ടുണ്ട്. സെനറ്റിലെ ഏഴ് പ്രിൻസിപ്പൽമാരിൽ മൂന്ന് പേർ ഗവ. കോളേജുകളിൽ നിന്നും മൂന്ന് പേർ എയ്ഡഡ് കോളേജുകളിൽ നിന്നും ഒരാൾ അൺഎയ്ഡഡ് കോളേജിൽ നിന്നുമാവണം. നിലവിൽ ഇത് പ്രിൻസിപ്പൽമാരുടെ പൊതുമണ്ഡലമാണ്.