ആറ്റിങ്ങൽ: ഗതാഗതക്കുരുക്കിൽ വലയുന്ന ആറ്റിങ്ങൽ നഗരത്തിൽ പ്രതീക്ഷകൾ സജീവമാക്കി ദേശീയ പാത വികസനം പുരോഗമിക്കുന്നു. ദേശീയപാത വികസനത്തിനായുള്ള കൈയേറ്റം ഒഴിപ്പിച്ച് പുറമ്പോക്ക് തിരിച്ച് പിടിക്കൽ രണ്ടാം ദിവസവും തുടർന്നു. മുപ്പതോളം വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗം പൊളിച്ചുനീക്കി. കിഴക്കേനാലുമുക്കിൽ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി ബങ്കുകൾ പൂർണമായും പൊളിച്ചുമാറ്റി. വ്യാഴാഴ്ച കച്ചേരി ജംഗ്ഷനിൽ നിന്നാരംഭിച്ച നടപടികൾ വെള്ളിയാഴ്ച ടൗൺ ജുമാമസ്ജിദിന് സമീപം വരയെത്തി. സബ് ട്രഷറി, മുനിസിപ്പൽ ഓഫീസ് കാര്യാലയം, പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെയുള്ള വ്യാപാരസ്ഥാപനങ്ങളുടെ റോഡിലേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാണ് നീക്കം ചെയ്‌തത്. നഗരസഭയുടെ നേതൃത്വത്തിൽ ഫുട്പാത്തിന് സമാന്തരമായി സ്ഥാപിച്ചിരുന്ന പരസ്യബോർഡുള്ള സുരക്ഷാവേലിയും പൊളിച്ചുനീക്കി. ഇതരവ്യാപാരസ്ഥാപനങ്ങളും വസ്‌തുടമകളും സ്ഥാപിച്ചിരുന്ന മതിലുകൾ, ടൈലുകൾ ബോർഡുകൾ എന്നിവയും നീക്കം ഇതോടൊപ്പം നീക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധവുമായെത്തിയെങ്കിലും ഇന്നലെ വ്യാപാരികൾ നടപടികളോട് സഹകരിക്കുകയായിരുന്നു. പല വ്യാപാരികളും അവരുടെ നിർമ്മാണങ്ങൾ സ്വയം പൊളിച്ച് നീക്കുകയും അവർ തന്നെ ജോലിക്കാരെ വെച്ച് ബോർഡുകൾ നീക്കം ചെയ്‌തിട്ടുണ്ട്. നടപടികൾക്ക് റവന്യൂ അധികൃതരും ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥരും നേതൃത്വം നൽകി.