തിരുവനന്തപുരം:പ്രളയത്തിൽ പൂർണമായി തകർന്ന വീടുകളുടെ പുനർനിർമാണത്തിന് ആദ്യഗഡുവായി 1,656 അപേക്ഷകർക്ക് 16 കോടി രൂപ വിതരണം ചെയ്തു.6,537 കുടുംബങ്ങളാണ് ആദ്യഗഡുവിന് ഇതുവരെ അപേക്ഷിച്ചിട്ടുള്ളത്. പ്രളയത്തിൽ പൂർണമായി തകർന്നതും തീരെ വാസയോഗ്യമല്ലാത്തതുമായ വീടുകളാണ് പുനർനിർമിക്കുന്നത്.പൂർണമായി തകർന്ന വീടുകളെ ആറുവിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നൽകുന്നത്. സ്വന്തം ഭൂമിയിൽ പുനർനിർമാണം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആദ്യഗഡു നൽകാൻ ജില്ലാകളക്ടർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. മലയോര മേഖലയിൽ 95,100 രൂപയും സമതലപ്രദേശത്ത് 1,01,900 രൂപയുമാണ് ആദ്യഗഡു അനുവദിക്കുന്നത്.നാലു ലക്ഷം രൂപയിൽ ബാക്കിതുക രണ്ട് ഗഡുക്കളായി നൽകും.സ്വന്തം ഭൂമിയിൽ വീട് നിർമിക്കാൻ അപേക്ഷിച്ച മുഴുവൻപേർക്കും അടുത്ത ആഴ്ചയോടെ ആദ്യഗഡു നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി ടോംജോസ് അദ്ധ്യക്ഷനായുള്ള ഉന്നതാധികാര സമിതി പൂർണമായി തകർന്ന വീടുകളുടെ പുനർനിർമാണ നടപടികൾ വിലയിരുത്തി. ബ്ളോക്ക് തലത്തിലും നഗരസഭാ തലത്തിലും അപേക്ഷകരുടെ യോഗം വിളിച്ച് വിവിധ പുനർനിർമാണ സാദ്ധ്യതകൾ വിശദീകരിക്കാൻ യോഗം തീരുമാനിച്ചു. 'സുരക്ഷിത കൂടൊരുക്കും കേരളം' എന്നപേരിൽ ബ്ളോക്ക് തലത്തിലും നഗരസഭാ തലത്തിലും സഹായ കേന്ദ്രങ്ങൾ തുടങ്ങും.