പാലോട് : നിലയ്ക്കൽ അക്രമത്തിൽ പ്രതിചേർത്ത ശബരിമല കർമ്മസമിതി പ്രവർത്തകനെ പിടികൂടാനെത്തിയ പൊലീസ് അയാളെയും അച്ഛനമ്മമാരെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചതായി പരാതി. ആർ.എസ്.എസ് മണ്ഡൽ കാര്യവാഹക് ചല്ലിമുക്ക് സജീവ് (35), അമ്മ ഓമന (64), അച്ഛൻ മോഹനൻ (70), ഭാര്യ അനുജ (29) എന്നിവർക്കാണ് മർദ്ദനമേറ്റത്. വലതു കൈയ്ക്ക് പൊട്ടലേറ്റ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അനുജയെ പാലോട് ഗവണമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പാലോട് സി.ഐയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ഓമന പറഞ്ഞു. ഓമന ഉന്നത പൊലീസ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നത് : അടുക്കള വാതിൽ തുറന്ന് വീട്ടിലേക്ക് കടന്ന പൊലീസ് സംഘം ചോറു കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സജീവിനെ മർദ്ദിച്ചു. ഇത് തടഞ്ഞ ഓമനയുടെ കൈപിടിച്ച് തിരിക്കുകയും മർദ്ദിക്കുകയും ചെയ്തു. അനുജയ്ക്കും മർദ്ദനമേറ്റു. അർബുദ ബാധിതനായ സജീവന്റെ അച്ഛൻ മോഹനന്റെ നെഞ്ചിൽ ചവിട്ടി. ആറു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെയും എട്ടും ആറും വയസുകാരായ ആൺ മക്കളുടെയും മുന്നിൽവച്ചായിരുന്നു ആക്രമണം.
കൂട്ട നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സജീവിനെയും അമ്മയെയും ഭാര്യയെയും ജീപ്പിൽ കയറ്റി പാലോട് സ്റ്റേഷനിലെത്തിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്റ്റേഷനിൽ തളർന്നു വീണ ഓമനയെ പിന്നീട് ആർ.എസ്.എസ് പ്രവർത്തകർ എത്തിയാണ് പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈക്ക് പൊട്ടലുള്ളതിനാൽ രാത്രി തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രയിലേക്കും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. അനുജയ്ക്ക് നെറ്റിയിലും കാലിലും പരിക്കുണ്ട്.
സജീവിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. വനിതാ പൊലീസ് ഇല്ലാതെ വീട്ടിൽ കടന്നു കയറി സ്ത്രീകളെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
സ്ത്രീകളെ മർദ്ദിച്ചിട്ടില്ല: പൊലീസ്
നിലയ്ക്കൽ അക്രമത്തിലും തുടർന്നുള്ള സംഭവങ്ങളിലും 125 -ാം പ്രതിയാണ് സജീവ്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ച് വരികയാണെന്നും നെടുമങ്ങാട് എ.എസ്.പി സുജിത് ദാസ് പറഞ്ഞു
ആർ.എസ്.എസ് പ്രവർത്തകന്റെ വീട് വളഞ്ഞ് അമ്മയേയും ഭാര്യയെയും മർദ്ദിച്ചെന്നത് വസ്തുതാപരമല്ലെന്നും സ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പാലോട് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഏതാനും പൊലീസുകാർ മാത്രമേ വീട്ടിൽ കയറിയിട്ടുള്ളൂ. പ്രതിയെ പിടികൂടിയപ്പോൾ സ്ത്രീകൾ ചുറ്റിപ്പിടിക്കുകയായിരുന്നു. ഇതിനിടെ നിലത്ത് വീണാകാം കൈക്ക് പരിക്കേറ്റത്. ഇവരെ മറ്റൊരു വാഹനത്തിലാണ് പാലോട് ഗവ. ആശുപത്രിയിൽ എത്തിച്ചത്- എ.എസ്.പി സുജിത് ദാസ് പറഞ്ഞു.