gun
gun

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനലിനെ (32) കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ അഞ്ചു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ക്വാറി മാഫിയയുടെ സംരക്ഷണയിൽ ഇയാൾ തമിഴ്നാട്ടിൽ ഒളിവിലാണെന്ന വിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ചിന്റെ രണ്ട് സംഘങ്ങൾ അങ്ങോട്ട് പോയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് എസ്.പി കെ.എം. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സംഭവസ്ഥലം പരിശോധിച്ചു. ദൃക്സാക്ഷികളിൽ നിന്നും പ്രദേശത്തെ കടക്കാരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. സനലിന്റെ അമ്മ രമണി, ഭാര്യ വിജി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.

ഡിവൈ.എസ്.പിയുടെ നെയ്യാറ്റിൻകരയിലെ വാടക വീടുകളിലും കല്ലറയിലെ കുടുംബ വീട്ടിലും സഹോദരന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ലേബർ കമ്മിഷണറായി വിരമിച്ച ഹരികുമാറിന്റെ സഹോദരന്റെ വീട്ടിലെത്തി കീഴടങ്ങാൻ ആവശ്യപ്പെടണമെന്ന് നിർദ്ദേശിച്ചു.

ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ വീടും പരിശോധിച്ചു. വീടിനു മുന്നിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തേ ശേഖരിച്ചിരുന്നു. ബിനുവിന്റെ ഭാര്യയും മക്കളും ഹരികുമാറിന്റെ ഭാര്യയ്ക്കൊപ്പം തറവാട്ടു വീട്ടിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

അതിനിടെ, ഡിവൈ.എസ്.പിയുടെ സർവീസ് റിവോൾവർ ഇന്നലെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തെന്ന പൊലീസിന്റെ വാദം സംശയത്തിനിടയാക്കിയിട്ടുണ്ട്. ബിനുവിന്റെ വീട്ടിലെത്തിയപ്പോഴും വാടക വീട്ടിലെത്തിയപ്പോഴും റിവോൾവർ ഡിവൈ.എസ്.പിയുടെ കൈയിലുണ്ടായിരുന്നെന്നും അതുമായാണ് ഒളിവിൽ പോയതെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇന്നലെ രാവിലെ ഇയാളുടെ ഓഫീസിൽ നിന്ന് റിവോൾവർ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. സർവീസ് റിവോൾവറുമായി അധികാര പരിധിക്കപ്പുറം പോകാൻ പാടില്ല. ഇത് ലംഘിച്ചാൽ ക്രിമിനൽ കേസിനു സാദ്ധ്യതയുള്ളതിനാൽ ഒളിസങ്കേതത്തിൽ നിന്ന് റിവോൾവർ ഓഫീസിൽ എത്തിച്ചതായാണ് സ്പെഷ്യൽ ബ്രാഞ്ച് സംശയിക്കുന്നത്.

നെയ്യാറ്റിൻകര എസ്.ഐ കള്ളക്കേസിൽ കുടുക്കിയതാണെന്ന് കാണിച്ച് ഡിവൈ.എസ്.പി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി 14നാണ് പരിഗണിക്കുന്നത്. ജാമ്യാപേക്ഷയെ എതിർത്ത് ചൊവ്വാഴ്ച റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസ് ഡയറിയും ഇതുവരെയുള്ള അന്വേഷണ വിവരങ്ങളും സഹിതമാണ് റിപ്പോർട്ട് നൽകേണ്ടത്.

ഹരികുമാറിന്റെ ഫോണുകളുടെ ലൊക്കേഷൻ സൈബർസെല്ലിനും കണ്ടെത്താനായിട്ടില്ല. അതേസമയം, ക്വാറി മാഫിയ നൽകിയ വ്യാജ സിം ഉപയോഗിച്ച് ഇയാൾ പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ബന്ധുവായ റിട്ട. ഡിവൈ.എസ്.പിയെയും വിളിക്കുന്നുണ്ടെന്ന് സ്പെഷ്യൽബ്രാഞ്ച് പറയുന്നു.