തിരുവനന്തപുരം: വർഗ്ഗീയപ്രചരണം, മതവികാര ചൂഷണം എന്നിവയുടെ പേരിൽ തിരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്ന അഞ്ചാമത്തെ എം.എൽ.എ ആണ് കെ.എം. ഷാജി.
1977ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെയും കെ.എം. മാണിയുടെയും തിരഞ്ഞെടുപ്പുകൾ വർഗ്ഗീയപ്രചരണം നടത്തിയെന്ന പരാതിയിൽ ഹൈക്കോടതി അസാധുവാക്കിയതാണ് ആദ്യസംഭവം. സുപ്രീംകോടതിയിൽ നിന്ന് സി.എച്ചിനും മാണിക്കും അനുകൂലവിധി ലഭിച്ചു.
1987ൽ മട്ടാഞ്ചേരിയിൽ ജയിച്ച മുസ്ലിംലീഗിലെ എം.ജെ. സക്കറിയ സേട്ടിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയപ്പോഴും സുപ്രീംകോടതി വിധി അനുകൂലമായി.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ 529 വോട്ടിന് ജയിച്ച പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതിയും സുപ്രീംകോടതിയും അസാധുവാക്കിയതാണ് വ്യത്യസ്തമായത്. വോട്ടർമാരുടെ മതവികാരം ചൂഷണം ചെയ്തതിനായിരുന്നു ഇത്. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശപ്രകാരം പി.സി. തോമസിനെ രാഷ്ട്രപതി മൂന്ന് വർഷത്തേക്ക് മത്സരിക്കുന്നതിന് അയോഗ്യനാക്കി.
അന്ന് ഇടത് സ്ഥാനാർത്ഥിയായിരുന്ന പി.എം. ഇസ്‌മായിൽ ആണ് തോമസിനെതിരെ കോടതിയെ സമീപിച്ചത്. തോമസിന്റെ പ്രചാരണത്തിന് കത്തോലിക്ക കോൺഗ്രസ് നേതാവ് ജോൺ കച്ചിറമറ്റം ഇറക്കിയ നോട്ടീസും മണ്ഡലത്തിൽ വിതരണം ചെയ്‌ത കലണ്ടറുമാണ് ആരോപണത്തിന് ആയുധമാക്കിയത്. നോട്ടീസും കലണ്ടറും ഇറക്കിയത് പി.സി. തോമസിന്റെയും തിരഞ്ഞെടുപ്പ് ഏജന്റിന്റെയും അറിവോടെയും സമ്മതത്തോടെയുമാണെന്നായിരുന്നു സാക്ഷിമൊഴി.
തോമസിനെ ജയിപ്പിക്കണമെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നുമായിരുന്നു നോട്ടീസിൽ. അതിൽ പരാമർശിച്ച സംഭവങ്ങളുടെ ചിത്രങ്ങളുൾപ്പെടുത്തി കലണ്ടറും ഇറക്കി.
ക്രമക്കേട് നടന്നില്ലായിരുന്നെങ്കിൽ ഇസ്‌മായിൽ ജയിക്കുമായിരുന്നെന്ന് ഹൈക്കോടതി വിലയിരുത്തി. ഇസ്‌മായിലിനെ വിജയിയായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി ആദ്യം സ്റ്റേ ചെയ്‌ത സുപ്രീംകോടതി അന്തിമമായി ഹൈക്കോടതിവിധി അംഗീകരിക്കുകയായിരുന്നു. ഇസ്‌മായിൽ അങ്ങനെ വിജയിയായെങ്കിലും അപ്പോഴേക്കും ലോക്‌സഭയുടെ കാലാവധി തീർന്നതിനാൽ ഒരു ദിവസം പോലും എം.പിയായിരിക്കാനുള്ള ഭാഗ്യം കിട്ടിയില്ല.