തിരുവനന്തപുരം: സതി നിരോധനത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും നവോത്ഥാനപരമായ വിധിയായിരുന്നു ക്ഷേത്രപ്രവേശനവിളംബരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം നൽകിയതിനെ എതിർത്തവരുണ്ട്. അതിനെതിരെ കേസുകൊടുത്തു. ക്ഷേത്രം അടച്ചിടാനൊരുങ്ങി. ഇതെല്ലാം ഇപ്പോഴത്തെ ഒരു സാഹചര്യവുമായി സാമ്യം തോന്നിയേക്കാം. നവോത്ഥാനത്തെ എതിർത്തവരെ ഇന്നാർക്കുമറിയില്ല. അവർക്ക് സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരുന്നു. പുരോഗതിക്കും നവോത്ഥാനത്തിനുമൊപ്പം നിൽക്കുന്നവരെ തങ്കലിപികളിലെഴുതും. ഭാവിതലമുറ നമ്മെ കുറ്റപ്പെടുത്താതിരിക്കാൻ നാം ഏത് ചേരിയിലാണെന്ന് തീർച്ചപ്പെടുത്തണം- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി നടത്തുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയ നേതൃത്വവും ശ്രീനാരായണഗുരുവിനെ പോലുള്ള പരിഷ്കർത്താക്കളും പിന്തുണ നൽകിയ സമരത്തിന്റെ വിജയമായിരുന്നു. സാഹിത്യത്തിൽ ദുരവസ്ഥ പോലുള്ള കൃതികളുടെ ആവിർഭാവത്തിനും സ്ത്രീകളെ പൊതുധാരയിലെത്തിക്കാനും അത് കാരണമായി. അവർണർക്ക്
സ്കൂൾ പ്രവേശനം അനുവദിച്ച കോടതിവിധി വിശ്വസിച്ച് ഉൗരൂട്ടമ്പലം സ്കൂളിൽ അഡ്മിഷൻ നേടിയ പഞ്ചമി പഠിക്കാതിരിക്കാൻ സ്കൂൾ കെട്ടിടം തന്നെ കത്തിച്ച സംഭവം നമുക്ക് മുന്നിലുണ്ട്. തിരുവിതാംകൂറിൽ ക്ഷേത്രങ്ങളിൽ അയിത്തവും അവർണർക്ക് പ്രവേശന നിഷേധവും ഉണ്ടായിരുന്ന കാലത്ത് പോലും എല്ലാവിഭാഗങ്ങൾക്കും പ്രവേശനം നൽകിയ പാരമ്പര്യമാണ് ശബരിമലയ്ക്കുള്ളത്. ആ ക്ഷേത്രത്തെയാണ് ആചാരങ്ങളുടെ പേരിൽ എല്ലാ പുരോഗമനസ്ഥാപനങ്ങൾക്കും പിന്നിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നത്. അത്തരം ദുഷ്പ്രവണതകളെ ചെറുത്ത് തോല്പിക്കണം.മുഖ്യമന്ത്രി പറഞ്ഞു.
വി.ജെ.ടി.ഹാളിൽ നടന്ന ചടങ്ങ് പെരുമ്പറ കൊട്ടിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എ. സമ്പത്ത് എം.പി, മേയർ വി.കെ. പ്രശാന്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മ ധു തുടങ്ങിയവർ സംസാരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതവും പി. വേണുഗോപാൽ നന്ദിയും പറഞ്ഞു.
ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ ചരിത്രം ഉൾക്കൊള്ളിച്ച പ്രദർശനവും നടത്തുന്നുണ്ട്. ആഘോഷ പരിപാടികൾ 12ന് സമാപിക്കും. ജില്ലാകേന്ദ്രങ്ങളിലും ആഘോഷങ്ങൾ നടത്തുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.