samathi
സാത്വികിനെ റൂത്ത് ആനിന് കൈമാറുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക്,​ ട്രഷറർ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: രണ്ട് ദിവസം പ്രായമുള്ളപ്പോഴാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ സാത്വിക് എത്തുന്നത്. പിന്നെ അമ്മത്തൊട്ടിലിലെ അമ്മമാരായി അവനെല്ലാം. ഒന്നര വയസുകാരനായ സാത്വിക് ഇപ്പോൾ കടൽകടക്കാൻ ഒരുങ്ങുകയാണ്. പുതിയ പോറ്റമ്മയായ റൂത്ത് ആൻ ഒ' കോണറിനൊപ്പം വാഷിംഗ്ടണിലാണ് ഇനിയുള്ള ജീവിതം.

വാഷിംഗ്ടണിൽ ലീഗൽ കംപ്ളെയിന്റ്സ് മാനേജരാണ് നാല്പത്തിനാലുകാരിയും അവിവാഹിതയുമായ റൂത്ത്. ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ സാത്വിക്കിന്റെ പേര് ലൂക്ക് ഒ' കോണർ എന്നാകും. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിട്ടി മുഖേനയാണ് റൂത്ത് ദത്തെടുക്കാൻ രജിസ്റ്റർ ചെയ്‌തത്. സെൻട്രൽ ഏജൻസി മുഖേനയുള്ള ഹോംസ്റ്റഡി തൃപ്തികരമായതിനാൽ കുട്ടിയെ കൈമാറാൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് അനുമതി നൽകി. റൂത്തിന്റെ സഹോദരങ്ങളെയും മാതാപിതാക്കൾ ദത്തെടുത്തതാണ്. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം വേണി, റാണി (ന്യൂസിലാന്റ്), നവിത (അമേരിക്ക), റിയ (യു.എ.ഇ), ദിവ്യേന്ദു (ഇറ്റലി), ചന്ദ്, ഹണി (അമേരിക്ക) എന്നിങ്ങനെ ഏഴ് കുട്ടികളാണ് പുതിയ മാതാപിതാക്കൾക്കൊപ്പം കടൽകടന്നത്. സിദ്ധാർത്ഥ് (ഫ്രാൻസ്), നിരഞ്ജൻ (സൗത്ത് ആഫ്രിക്ക) എന്നിവർ ഉടൻ വിദേശത്തേക്ക് പറക്കും.