manvila-fire-at-plastic-f

പോത്തൻകോട്: മൺവിള പ്ളാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അട്ടിമറി സംശയത്തെത്തുടർന്ന് കമ്പനി ജീവനക്കാരായ നാല് അന്യസംസ്ഥാന തൊഴിലാളികളെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ ദിവസം രാവിലെ ഏഴു മുതൽ വൈകിട്ട് 7 വരെയുള്ള ആദ്യ ഷിഫ്ടിൽ ജോലിക്കുകയറിയ ഇവർ ജോലി സമയം കഴിഞ്ഞും കമ്പനിയിൽ ചുറ്റിപ്പറ്റി നിന്നതായി പൊലീസ് പറയുന്നു. അന്ന് തീപിടിത്തമുണ്ടായ മൂന്നുനില കെട്ടിടത്തിലെ സ്റ്റോർ റൂമിലും ഇവർ നിൽക്കുന്നതായി കമ്പനിയിലെ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷമായി കമ്പനിയിൽ ജോലിചെയ്യുന്ന തൊഴിലാളികളാണ് ഇവരെന്നാണ് സൂചന.

കെട്ടിടത്തിലെ സ്റ്റോർ സ്ഥിതിചെയ്യുന്ന മൂന്നാംനിലയിലേക്ക് ഇവർക്ക് പോകേണ്ട കാര്യമില്ല. ജോലി സമയം കഴിഞ്ഞു മൺവിള കട്ടേലയ്ക്ക് സമീപത്തെ താമസസ്ഥലത്തേക്ക് മറ്റ് തൊഴിലാളികൾ മടങ്ങിയപ്പോൾ ഇവർ കമ്പനിയിൽ ചുറ്റിപ്പറ്റിനിന്നതും മുകൾ നിലയിൽ നിന്ന് തീപിടിത്തമുണ്ടാകുന്നതിന് തൊട്ടുമുൻപ് ഇവർ പുറത്തേക്ക് രക്ഷപ്പെട്ടതും സംശയത്തിന് ഇടയാക്കിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ആദ്യം കരുതിയെങ്കിലും പലതവണ കമ്പനിയിൽ അഗ്നിബാധയുണ്ടായത് സംശയങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഇതേ തുടർന്ന് കമ്പനിയിലെ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് അറിയുന്നത്. പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാൻ ഇവരുടെ മൊബൈൽ ഫോണുകൾ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. വിദേശ വിപണിയിലടക്കം പേരെടുത്ത കമ്പനിയെ തകർക്കാൻ നടത്തിയ ഗൂഢ നീക്കമാണോ സംഭവത്തിന് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്.