തിരുവനന്തപുരം: പതിനഞ്ച് മാസങ്ങൾക്ക് മുമ്പ് ഭർത്താവ് സോമരാജൻ ആകസ്‌മികമായി യാത്രപറഞ്ഞതിന് പിന്നാലെ ഏക ആശ്രയമായിരുന്ന മകൻ സനലും പോയതോടെ ജീവിതത്തിന് മുമ്പിൽ നിറകണ്ണുകളോടെ നിൽക്കുകയാണ് രമണി. ജലപാനം പോലുമില്ലാതെ കട്ടിലിൽ തളർന്നു കിടക്കുകയാണ് ഈ അമ്മ. ഗവ. പ്രസിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്ന ഭർത്താവ് സോമരാജൻ വിരമിക്കുന്നതിന് തലേദിവസമാണ് വിഷം കഴിച്ചത്. രണ്ടു ദിവസത്തിന് ശേഷം 2017 ആഗസ്റ്റ് രണ്ടിനായിരുന്നു മരണം. 23 വർഷം ജോലി ചെയ്‌തെങ്കിലും ജീവിതത്തിലുണ്ടായ കടബാദ്ധ്യതയായിരുന്നു ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. കൃഷിയിലുണ്ടായ നഷ്ടവും മകളുടെ വിവാഹവും വീടുപണിയും വരുത്തിവച്ച ബാദ്ധ്യതയും താങ്ങാനാകാതെ സോമരാജൻ മരണത്തിൽ അഭയം തേടിയപ്പോൾ 15 ലക്ഷത്തോളം വരുന്ന ബാദ്ധ്യതയേറ്രെടുത്തത് മകൻ സനലായിരുന്നു. കഠിനാദ്ധ്വാനിയായ മകൻ ചിട്ടിപിടിച്ചും പലവിധ ജോലി ചെയ്‌തുമാണ് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയത്. അച്ഛൻ മരിച്ചെങ്കിലും അമ്മയെ കഷ്ടപ്പാടുകൾ അറിയിക്കാതെയാണ് മകൻ നോക്കിയതും. കടബാദ്ധ്യതകൾ വീട്ടുകാരെ അറിയിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ സനൽ ശ്രമിച്ചതായി ബന്ധുക്കൾ പറയുന്നു. ചിട്ടിപ്പിരിവ് കൊടുക്കാനുള്ളതിനാൽ കഴിഞ്ഞ ആഴ്ചയും ഭാര്യയുടെ താലിമാല സനലിന് പണയം വയ്ക്കേണ്ടിവന്നു. മരണസമയത്ത് പോക്കറ്റിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ പണയം വച്ചു കിട്ടിയ പണമായിരുന്നുവെന്ന് സഹോദരി സജിത പറഞ്ഞു. മകനൊപ്പമായിരുന്നു രമണിയുടെ താമസം. മൂത്തമകൾ സജിത പാറശാലയിലെ ഭർത്തൃവീട്ടിലാണ്.