ഉയരുന്നത് രാഷ്ട്രീയ ആരോപണം
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ കുരുക്കിലായ മന്ത്രി കെ.ടി. ജലീലിനെ തത്കാലം കൈവിടേണ്ടെന്ന നിലപാടിൽ സി.പി.എം സംസ്ഥാന നേതൃത്വം. ജലീലിന്റെ ഭാഗത്ത് വീഴ്ചയുള്ളതായി ഇപ്പോൾ കരുതാനാവില്ലെന്ന വിലയിരുത്തലാണ് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്.
ആക്ഷേപങ്ങളുയരുന്നതല്ലാതെ നിയമനത്തിനായി അപേക്ഷിച്ചവരിൽ ആരും പരാതി ഉയർത്തിയിട്ടില്ല. രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണുള്ളത്. ഇനി കോടതിയിൽ നിന്ന് എന്തെങ്കിലും ഇടപെടലുണ്ടായാൽ അപ്പോൾ ആലോചിക്കാമെന്നാണ് നിലപാട്.
കഴിഞ്ഞ ദിവസം മന്ത്രി ജലീൽ എ.കെ.ജി സെന്ററിലെത്തി സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അതിന് തലേന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടിരുന്നു. ജലീലിന്റെ വിശദീകരണത്തിൽ ഇരുവരും തൃപ്തരുമാണ്. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിലും ചർച്ചയുണ്ടായത്.
അദീപ് പിന്മാറിയേക്കും
നിയമനം വിവാദമായ സാഹചര്യത്തിൽ, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് മന്ത്രി ജലീലിന്റെ പിതൃസഹോദരന്റെ മകന്റെ മകനായ കെ.ടി. അദീപ് സ്വയം പിന്മാറുമെന്ന് സൂചനയുണ്ട്. ഡെപ്യൂട്ടേഷൻ റദ്ദാക്കി മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് മടങ്ങനാണ് നീക്കം. ബാങ്കിൽ നിന്ന് ലഭിച്ചിരുന്ന ശമ്പളത്തെക്കാൾ കാൽ ലക്ഷത്തോളം രൂപ കുറവാണ് അദീപിന് ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ കിട്ടുന്നതെന്നാണ് മന്ത്രിയോടടുത്ത കേന്ദ്രങ്ങൾ പറയുന്നത്.
12ന് നവോത്ഥാന സദസ്
ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ 12ന് പഞ്ചായത്ത് തലങ്ങളിൽ നവോത്ഥാന സദസ് സംഘടിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഈ മാസം സംഘടിപ്പിക്കുന്ന രാഷ്ട്രീയപ്രചാരണ ജാഥകളിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യും
പി.കെ. ശശി എം.എൽ.എയ്ക്കെതിരായ പീഡന ആരോപണം അന്വേഷിച്ച പാർട്ടി കമ്മിഷൻ റിപ്പോർട്ട് അടുത്ത മാസം ചേരുന്ന സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിക്കാനാണ് സാദ്ധ്യത.