iffk
iffk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ 2000 രൂപ നൽകി 23-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റായി. ഇന്നലെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി എ.കെ.ബാലന് പണം നൽകി ഡെലിഗേറ്റായത്. മന്ത്രി എ.കെ.ബാലൻ അക്കാഡ‌മി ചെയർമാൻ കമലിനു 2000 രൂപ കൈമാറി രണ്ടാമത്തെ ഡെലിഗേറ്റായി.

അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, ജനറൽ കൗൺസിൽ അംഗം വി.കെ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർമാരായ എച്ച്.ഷാജി, എൻ.പി സജീഷ് എന്നിവർ പങ്കെടുത്തു. ഈ ഫെസ്​റ്റിവലിൽ ഒരു വിഭാഗത്തിലും സൗജന്യപാസുകൾ ഇല്ല.
പൊതുവിഭാഗം, സിനിമ, ടി.വി പ്രൊഫഷനലുകൾ, ഫിലിം സൊസൈ​റ്റി പ്രവർത്തകർ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും ഓൺലൈൻ രജിസ്ട്രേഷൻ ഒരുമിച്ചായിരിക്കും. വിദ്യാർത്ഥികൾക്ക് 1000 രൂപയാണ് ഡെലിഗേ​റ്റ് ഫീസ്. ചലച്ചിത്രഅക്കാഡമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസിൽ ഓഫ് ലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന് വെബ്സൈറ്റ് www.iffk.in