മലയിൻകീഴ് : ബ്രാഹ്മണ - സവർണ മേധാവിത്വവും, അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണെന്ന് വി.എസ്. അച്യുതാനന്ദൻ. മാറനല്ലൂർ പുന്നാവൂരിൽ പുന്നാവൂർ കൃഷ്ണപ്പണിക്കർ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. സമാധാന അന്തരീക്ഷം തകർക്കാനും കലാപം ഉണ്ടാക്കാനും പലയിടത്തും പയറ്റിയ തന്ത്രം കേരളത്തിലും പരീക്ഷിക്കുകയാണ്. ശബരിമലയിൽ അതാണ് കണ്ടത്. ആചാര സംരക്ഷകർ എന്ന വ്യാജേന ശബരിമലയിൽ കലാപം ഉണ്ടാക്കാനാണ് അവർ ശ്രമിച്ചത്. അവരുടെ നേതാവ് തന്നെ ആചാര ലംഘകനായി മാറിയതോടെ ലക്ഷ്യം മറ്റെന്തോ ആണെന്നു വ്യക്തം. രമേശ് ചെന്നിത്തലയും സുകുമാരൻനായരും തുഷാർ വെള്ളാപ്പള്ളിയും മാടമ്പിമാരുടെ പടയണിയിൽ ചേരാൻ മത്സരിക്കുകയാണ്. മലയരയന്മാരുടെ ശബരിമല തന്ത്രിമാർ തട്ടിയെടുത്തതുപോലെ മതനിരപേക്ഷ കേരളത്തെ തട്ടിയെടുക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും വി.എസ് പറഞ്ഞു. എ. സമ്പത്ത് എം.പി, ഐ.ബി. സതീഷ് എം.എൽ.എ, ഏരിയാ സെക്രട്ടറി ജി. സ്റ്റീഫൻ, മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. സുരേഷ് കുമാർ, ഏരിയാ കമ്മിറ്റി അംഗം പി.എസ്. പ്രഷീദ്, ഊരൂട്ടമ്പലം എൽ.സി സെക്രട്ടറി ജനാർദ്ദനൻനായർ എന്നിവർ സംസാരിച്ചു.