sabarimala

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമല ദർശനത്തിനായി പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള 539 സ്ത്രീകൾ പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിൽ ഇതുവരെ അപേക്ഷിച്ചു. sabarimalaq.com എന്ന പോർട്ടലിലാണ് ഇവർ രജിസ്​റ്റർ ചെയ്തത്. പൊലീസ് ഐ.ടി സെൽ ശേഖരിച്ച കണക്ക് ഡി.ജി.പിക്ക് കൈമാറി.

ശബരിമല ദർശനത്തിന് പോർട്ടലിലൂടെ രജിസ്​റ്റർ ചെയ്തവരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു. തീർത്ഥാടകർക്ക് ദർശന സമയവും ദിവസവും ഓൺലൈനായി തിരഞ്ഞെടുക്കാനുള്ള പോർട്ടൽ തുറന്നത് ഒക്ടോബർ 30നാണ്. നിലയ്ക്കലിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് ടിക്ക​റ്റ് ബുക്കിംഗും ദർശന സമയ തിരഞ്ഞെടുപ്പും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണം. വെർച്വൽ ക്യൂ വഴി ദർശനം നടത്തുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം 16 ലക്ഷത്തോളം പേർ ദർശനം നടത്തിയിരുന്നു. ഇത്തവണ ഓൺലൈൻ ബുക്കിംഗ് ലിങ്ക് തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കർണാടകം, പുതുച്ചേരി പൊലീസ് സൈ​റ്റുകളിലും ലഭ്യമാണ്.