കിളിമാനൂർ: നഗരൂർ വഞ്ചിയൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നു 41 പവൻ സ്വർണാഭരണങ്ങളും 22,000 രൂപയും മോഷ്ടിച്ചതായി പരാതി. നഗരൂർ വഞ്ചിയൂർ പുതിയതടം സ്വദേശി ഷിബുവിന്റെ വർഷമേഘം എന്ന വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു. ഗൾഫിൽ ബിസിനസ് നടത്തിയിരുന്ന ഷിബു ഇക്കഴിഞ്ഞ 2ന് നാട്ടിലെത്തുകയും 3ന് വൈകിട്ടോടെ കുടുംബസമേതം മൂന്നാറിൽ ടൂർ പോകുകയും ചെയ്തു. ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകർത്ത് ആഭരണങ്ങളും പണവും കവർന്നതായി മനസിലാക്കി. അടുത്ത സുഹൃത്തിന്റെ വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറിൽ നിന്നുമെടുത്ത് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായതെന്ന് ഷിബു അറിയിച്ചു. സ്വർണാഭരണങ്ങളും പണവും കിടപ്പുമുറിയിലെ അലമാരയുടെ ലോക്കറിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇത് കൈക്കലാക്കിയ മോഷ്ടാക്കൾ തെളിവ് നശിപ്പിക്കുന്നതിനായി പണമടങ്ങിയ പഴ്സും ബാഗും വെള്ളത്തിൽ മുക്കി വച്ചശേഷമാണ് രക്ഷപ്പെട്ടത്. മോഷ്ടാക്കൾ വീട്ടിലെ മറ്റ് മുറികളിലും പരിശോധന നടത്തിയ ലക്ഷണങ്ങൾ ഉണ്ടെങ്കിലും മറ്റൊന്നും നഷ്ടമായിട്ടില്ല. നഗരൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വഞ്ചിയൂരിലും സമീപത്തും പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ വീട്ടിൽ നിന്നു വഞ്ചിയൂർ ചന്തയ്ക്ക് സമീപം വരെ പോയി. പ്രദേശത്ത് രണ്ട് ദിവസമായി അപരിചിതരായ രണ്ട് പേരെ കണ്ടതായി നാട്ടുകാർ പറഞ്ഞു. നഗരൂർ പൊലീസ് കേസെടുത്തു.