sabarimala-vehicle-pass
sabarimala vehicle pass

തിരുവനന്തപുരം: മണ്ഡല- മകരവിളക്കു കാലത്ത് ശബരിമലയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങൾക്കും പൊലീസ് പാസ് നിർബന്ധമാക്കി. യാത്ര ചെയ്യുന്ന ദിവസമടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തി അതത് പ്രദേശത്തെ പൊലീസ് സ്‌​റ്റേഷനിൽ നിന്ന് സൗജന്യ പാസ് വാങ്ങണം. ഇത് വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ പതിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൽ പറയുന്നു.

പാസ് വാങ്ങാത്ത വാഹനങ്ങൾക്ക് നിലയ്ക്കലിൽ പാർക്കിംഗ് അനുവദിക്കില്ല. നിലയ്ക്കലിൽ വാഹനം പാർക്കു ചെയ്ത ശേഷം ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലേക്കു പോകേണ്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കും ഇത് ബാധകമാണ്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തുന്നതോടെ അക്രമികളെ കണ്ടത്തുന്നത് എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.

നിലയ്ക്കലിൽ നിന്നുള്ള ബസ് ടിക്കറ്റിന് ഓൺലൈൻ റിസർവേഷൻ www.sabarimalaq.com വെബ്‌സൈ​റ്റിൽ ലഭ്യമാക്കി. പത്തു പേർക്ക് വരെ ഒ​റ്റ ടിക്ക​റ്റ് എന്ന രീതിയാണ്. നേരിട്ട് ടിക്ക​റ്റ് എടുക്കുന്നവർക്ക് നിലയ്ക്കലിൽ സൗകര്യമൊരുക്കും. ദർശനസമയം കണക്കാക്കി 48 മണിക്കൂർ ഉപയോഗിക്കാവുന്ന നിലയ്ക്കൽ - പമ്പ - നിലയ്ക്കൽ റൗണ്ട് ട്രിപ് ടിക്ക​റ്റ് ആണ് നൽകുക. 48 മണിക്കൂറിനുള്ളിൽ ദർശനം കഴിഞ്ഞു മടങ്ങണം. വെബ്സൈറ്രിൽ ബുക്ക് ചെയ്യുന്ന തീർത്ഥാടകർ ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് പരിശോധനാ കൗണ്ടറിൽ കാണിക്കണം.

മണ്ഡലകാലത്ത് ശബരിമലയിലും പരിസരത്തും പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലെയും ഭക്ഷണ ശാലകളിലെയും എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി.