തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു 1.65 കോടിയുടെ സ്വർണം പിടികൂടി. യാത്രക്കാരനിൽ നിന്നു 1.5 കിലോ സ്വർണവും ഇതേ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച 3.5 കിലോയുടെ സ്വർണ ബിസ്കറ്റുകളുമാണ് പിടികൂടിയത്. ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെയെത്തിയ എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ തിരുവനന്തപുരം കരമന സ്വദേശി അബ്ദുൽ കലാമിൽ (22) നിന്നാണ് 1.5 കിലോ സ്വർണം പിടികൂടിയത്.
രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഡി.ആർ.ഐ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. സ്വർണം പൗഡർ രൂപത്തിലാക്കി നടുവേദനയ്ക്ക് ധരിക്കുന്ന ബെൽറ്റിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. കലാമിൽ നിന്ന് പിടികൂടിയ സ്വർണത്തിന് 48 ലക്ഷം രൂപവിലയുണ്ട്. ഇതേ വിമാനത്തിന്റെ സീറ്റിനടിയിൽ സ്വർണം ഒളിപ്പിച്ചിരിക്കുന്നെന്ന എയർഇന്ത്യയുടെ ക്ലീനിംഗ് ജീവനക്കാരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് അധികൃതർ വിമാനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൂന്നരകിലോ സ്വർണം പിടികൂടിയത്. വിമാനത്തിന്റെ എറ്റവും പിന്നിലെ സീറ്റിനടിയിൽ സ്വർണം ബിസ്കറ്റുകളും ബാറുകളുമാക്കി കറുത്ത സെലോ ടേപ്പ് കൊണ്ട് പൊതിഞ്ഞ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിമാന ഏജൻസിയിൽ നിന്നും സ്വർണം കണ്ടെടുത്ത സീറ്റിലെ യാത്രക്കാരന്റെ വിവരങ്ങൾ ശേഖരിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു. ഈ സ്വർണത്തിന് 1.17 കോടി രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു. എയർകസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷണേന്തു രാജ മിൻഡോയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരയ ബിന്ദു, സനേവ്‌തോമസ്, ഇൻസ്‌പെക്ടർമാരായ സിയാദ്, ജോസഫ് എന്നിവരങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.