തിരുവനന്തപുരം: ബന്ധുവിനു വൃക്ക ദാനം ചെയ്തശേഷം ആശുപത്രിയിൽ കഴിയുന്ന അമ്മയെ കണ്ടു വീട്ടിലേക്കു മടങ്ങുമ്പോൾ പെട്ടെന്നു കാറിലേക്ക് എന്തോ വന്നു വീഴുകയായിരുന്നുവെന്നു നെയ്യാ​റ്റിൻകരയിൽ യുവാവ് വാഹനമിടിച്ചു മരിക്കാൻ കാരണമായ വാഹനത്തിന്റെ ഉടമ നിഖിൽ. ഡിവൈ.എസ്.പി ബി. ഹരികുമാർ പിടിച്ചു തള്ളിയപ്പോഴാണു സനൽ കാറിനടിയിലേക്കു വീണത്. 'ഹമ്പ് അടുത്തെത്തിയപ്പോൾ പെട്ടെന്ന് എന്തോ ഒന്നു വണ്ടിയിലേക്കു വീണു. പ്രതികരിക്കാൻ സമയം കിട്ടിയില്ല. വണ്ടി ബ്രേക്കിട്ട് നിറുത്തി. വാഹനത്തിന് പുറത്തിറങ്ങിയപ്പോഴാണ് മനുഷ്യനാണെന്നു മനസിലായത്. കാർ ബ്രേക്കിട്ടു നിറുത്തിയതിനാൽ സനലിന്റെ ദേഹത്തുകൂടി കയറിയില്ല. ഞാൻ നോക്കിയപ്പോൾ അയാൾക്കു ശ്വാസം ഉണ്ടായിരുന്നു. നാട്ടുകാർ സ്ഥലത്തുകൂടി. കുറച്ചു കഴിഞ്ഞപ്പോൾ പൊലീസ് എത്തി. സംഭവിച്ച കാര്യങ്ങൾ തിരക്കി. ഞാൻ മറുപടി പറഞ്ഞു. എന്റെ കൈയിൽനിന്ന് ഒരാൾ കാറിന്റെ താക്കോൽ വാങ്ങി. കുറച്ചു കഴിഞ്ഞ് ആംബുലൻസ് എത്തി. ഞാൻ വേറൊരു വണ്ടിയിൽ നെയ്യാ​റ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തി. പിന്നീട് പൊലീസ് സ്​റ്റേഷനിൽ പോയി കാര്യം പറഞ്ഞു. പൊലീസ് പൊയ്‌ക്കോളാൻ പറഞ്ഞു'- നിഖിൽ പറഞ്ഞു.