തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ വ്യോമ, നാവിക സേനകളുടെ പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. വ്യോമ നിരീക്ഷണത്തിന്റെ നോഡൽ ഓഫിസർ പത്തനംതിട്ട ഡി.സി.പി ആയിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് നിലയ്ക്കലിലെ ഹെലിപാഡ് സജ്ജമാക്കും. കൊച്ചി നേവൽ ബേസിൽ നിന്നായിരിക്കും സർവീസ്. നേവൽ ടീമിനെ ഒരു ഐ.പി.എസ് ഓഫിസർ അനുഗമിക്കും. എറണാകുളം റേഞ്ച് ഐജിക്കായിരിക്കും മേൽനോട്ടം. നവംബർ 16, ഡിസംബർ അഞ്ച്, ആറ്, 27, ജനുവരി 13,14 എന്നീ ദിവസങ്ങളിലാണു വ്യോമ നിരീക്ഷണം നടത്തുന്നത്.
200 മീറ്റർ ഉയരത്തിൽ ദൃശ്യങ്ങൾ പകർത്താവുന്ന ഡ്രോണുകളും പൊലീസ് സജ്ജമാക്കും. ഈ ദൃശ്യങ്ങൾ ശബരിമലയിലെ കൺട്രോൾറൂമിനു പുറമേ പൊലീസ് മേധാവിയുടെയും ദക്ഷിണമേഖലാ ഐ.ജിയുടെയും ഓഫീസുകളിൽ നിരീക്ഷിക്കും.
ഡിജിറ്റൽക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തെ കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. www.sabarimalaq.com വെബ്സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ ക്യൂ കൂപ്പൺ ലഭിക്കും. കൂപ്പണുള്ളവർക്ക് ഡിജിറ്റൽ ക്യൂ എൻട്രി കാർഡ് നൽകും. ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവരെ മാത്രമേ പമ്പയിൽനിന്ന് കടത്തിവിടൂ. മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവർ മാത്രമേ ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തിലേക്കു പോകുന്നുള്ളൂവെന്ന് ഉറപ്പാക്കണം. ദുരുപയോഗം ഒഴിവാക്കാൻ എൻട്രി കാർഡിന്റെ കൗണ്ടർ ഫോയിൽ സന്നിധാനത്തു ശേഖരിക്കും. കാർഡ് പരിശോധിക്കാൻ പത്തു കേന്ദ്രങ്ങൾ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഒൻപത് എസ്.ഐമാരും 82 പൊലീസ് ഉദ്യോഗസ്ഥരും ഡിജിറ്റൽ ക്യൂ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും.