crime

പാറശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ വീണ്ടും സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനെത്തിയ വി.ടി.എം എൻ.എസ്.എസ് കോളേജിലെ എ.ബി.വി.പി കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതുമായി ബണ്ഡപ്പെട്ടാണ് കോളേജിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.

ധനുവച്ചപുരം മെക്കോല്ല ആതിരാഭവനിൽ അനിൽ കുമാറിന്റെ മകൻ ശ്രീവരുണിനാണ് (21) മർദ്ദനമേറ്റത്. തലയ്ക്കും, നട്ടെല്ലിനും സാരമായി പരിക്കേറ്റ വിദ്യാർത്ഥി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ധനുവച്ചപുരം ആർ.എസ്.എസ് മണ്ഡലം കാര്യവാഹ് കൂടി ആയ ശ്രീവരുൺ വി.ടി.എം എൻ.എസ്.എസ് കോളേജിലെ അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.

വരാനിരിക്കുന്ന പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനാണ് ഇന്നലെ ഉച്ചയ്ക്ക് യൂണിവേഴ്സിറ്റി കോളേജിലെ ഓഫിസിൽ ശ്രീവരുൺ എത്തിയത്. ധനുവച്ചപുരത്തെ എ.ബി.വി.പി പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞതോടെ വി.ടി. എം എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരും അവിടെയുള്ള പ്രവർത്തകരും ചേർന്ന് മർദ്ദിക്കുകയായിരുന്നുവേന്ന് ബണ്ഡുക്കൾ ആരോപിക്കുന്നു.

മർദ്ദനത്തെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയ ശ്രീവരുണിനെ വഴിയാത്രക്കാരാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വിദ്യാർത്ഥിയുടെ നില ഗുരുതരമായതിനെ തുടർന്ന് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ധനുവച്ചപുരം വി.ടി.എം കോളേജിലെ എ.ബി.വി.പി പ്രവർത്തകർ മാർച്ച് നടത്തി .സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.