തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ ക്രൂര മർദ്ദനത്തിനിരയാക്കി കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് തെരയുന്ന ഡിവൈ.എസ്.പി കേരള - തമിഴ്നാട് അതിർത്തിയിലെ ഒളിത്താവളത്തിൽ അടിച്ചുപൊളിക്കുന്നു. ഡിവൈ.എസ്.പിയുമായി സൗഹൃദമുള്ള അതിർത്തിയിലെ ഒരു ക്വാറി ഉടമയുടെ റിസോർട്ടിലും ഫാമിലുമായാണ് ഹരികുമാറും ഇയാൾക്കൊപ്പം നാടുവിട്ട കൊടങ്ങാവിള സ്വദേശി ബിനുവുമുള്ളതെന്നാണ് സൂചന. നാടിനെ നടുക്കിയ സനൽകുമാറിന്റെ മരണം ആറു ദിവസം പിന്നിടുകയും ഡിവൈ.എസ്.പി ഹരികുമാറിനെ പിടികൂടാൻ കഴിയാത്തതിൽ സർക്കാർ കടുത്ത സമ്മദർത്തിലാകുകയും ചെയ്തിട്ടും കീഴടങ്ങാനുള്ള സന്നദ്ധത ഹരികുമാറിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിട്ടുണ്ട്. കേസിൽ മുൻകൂർ ജാമ്യത്തിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ച ഹരികുമാറിന്റെ ഹർജി കോടതി 14ന് പരിഗണിക്കാനായി മാറ്റിയ സാഹചര്യത്തിൽ ഹർജിയിലെ തീരുമാനം അറിഞ്ഞശേഷമേ കീഴടങ്ങാനിടയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം.
കേസ് അന്വേഷണം ഏറ്രെടുത്ത ക്രൈംബ്രാഞ്ച് എസ്.പി ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹരികുമാറിന്റെയും ബിനുവിന്റെയും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കയറിയിറങ്ങുന്നത് വീട്ടുകാരെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നില്ലെന്നാണ് അവർ വെളിപ്പെടുത്തുന്നതെങ്കിലും ഇവരുടെ ഫോൺ നമ്പരുകൾ ശേഖരിച്ച അന്വേഷണ സംഘം ഇവയെല്ലാം നിരീക്ഷണവലയത്തിലാക്കി കഴിഞ്ഞു.
ഹരികുമാറിന്റെ സ്വാധീനവലയത്തിലുള്ള ക്വാറി ഉടമകളിൽ പലരുടെയും വീടുകളിൽ പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. മാദ്ധ്യമങ്ങളിലൂടെയോ ഫോൺ ബന്ധത്തിലൂടെയോ പൊലീസ് നടപടികൾ മനസിലാക്കുന്ന ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിക്കും വിധമാണ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മർദ്ദം സഹിക്കാവുന്നതിനപ്പുറം ആയാൽ നിവൃത്തിയില്ലാതെ ഹരികുമാർ തിരുവനന്തപുരത്തോ കൊല്ലത്തോ ചിലപ്പോൾ കീഴടങ്ങാൻ തയ്യാറായേക്കുമെന്നും പൊലീസ് കരുതുന്നുണ്ട്.
ബിനു ഇനിയും പ്രതിയായില്ല
സനൽകുമാർ വാഹനം ഇടിച്ച് ഗുരുതാവസ്ഥയിലാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും അയാളെ ആശുപത്രിയിലെത്തിക്കാൻ മുതിരാതെ ഹരികുമാറുമായി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ബിനുവിനെ കേസിൽ പൊലീസ് ഇതുവരെയും പ്രതിയാക്കിയിട്ടില്ല. കുറ്റവാളിയെ രക്ഷപ്പെടാനോ ഒളിവിൽ കഴിയാനോ സഹായിക്കുന്നവർക്കെതിരെ സാധാരണ പ്രതിയെ സഹായിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കാറുണ്ടെങ്കിലും ബിനുവിനെതിരെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സംഭവസ്ഥലത്തുനിന്ന് ബിനുവാണ് ഡിവൈ.എസ്.പിയെ കടത്തിക്കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടും പൊലീസ് അതിന് കൂട്ടാക്കാത്തതിൽ ദുരൂഹതയുണ്ട്.
മെഡിക്കൽ കോളേജിൽ നിന്ന് സനൽകുമാറിന്റെ മരണം അറിഞ്ഞയുടൻ അത് ഡിവൈ.എസ്. പിയെ അറിയിക്കുകയും നഗരത്തിൽ ഒളിവിൽ കഴിയാൻ അവസരം നൽകുകയും ചെയ്ത പൊലീസ് സംഘടനാ നേതാവും യഥാർത്ഥത്തിൽ പ്രതിയെ സഹായിച്ച കുറ്റത്തിലുൾപ്പെടേണ്ടതാണ്. കേസ് അന്വേഷണം ശരിയായ വിധത്തിലാണെന്ന് അവകാശപ്പെടുമ്പോഴും ഇവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.