1920 കളിൽ തുടങ്ങിയ പൗരാവകാശ പ്രക്ഷോഭം മുതൽ അവർണർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം വരെ ദീർഘകാലം നടത്തിയ സമാനതകളില്ലാത്ത പോരാട്ടമാണ് ക്ഷേത്രപ്രവേശന വിളംബരമെന്ന ചരിത്രപ്രഖ്യാപനത്തിന് വഴിതുറന്നത്. 1936 നവംബർ 12ന് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ നടത്തിയ ക്ഷേത്ര പ്രവേശന വിളംബരത്തിന് കാരണമായ പ്രക്ഷോഭങ്ങളിൽ എല്ലാ സമുദായങ്ങളിലെയും നവോത്ഥാന ചിന്തയുള്ളവർ കൈകോർത്തിരുന്നു. ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി എന്നാണ് വിളംബരത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യാ വൈകുണ്ഠസ്വാമിയും മഹാത്മാ അയ്യങ്കാളിയും അടക്കമുള്ള നവോത്ഥാന നായകരുടെ നീണ്ടകാലത്തെ പരിശ്രമത്തിലൂടെയാണ് പോരാട്ടങ്ങൾക്ക് നിലയുറപ്പിക്കാനുള്ള മണ്ണായി മലയാള നാടിനെ മാറ്റിയെടുക്കാനായത്. മഹാത്മാഗാന്ധിയും തന്തൈ പെരിയാറും അടക്കമുള്ള ദേശീയ നേതാക്കൾ 1924ൽ വൈക്കത്ത് ആരംഭിച്ച ചരിത്രപോരാട്ടത്തിന്റെ ഭാഗമായി. കെ. കേളപ്പനും പി. കൃഷ്ണപിള്ളയും എ.കെ.ജിയും ടി.കെ. മാധവനും മന്നത്ത് പത്മനാഭനും കെ.പി. കേശവമേനോനും, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും അടക്കമുള്ള നവോത്ഥാന പോരാളികൾ നാടാകെ പ്രക്ഷോഭ പടയണി തീർത്തു. ഒന്നും രണ്ടും ദിവസമല്ല 603 ദിവസം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിലൂടെയാണ് ജാതിഭേദമില്ലാതെ ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കിയത്.
1931 ഒക്ടോബർ 21ന് കണ്ണൂരിലെ പയ്യന്നൂരിൽ നിന്ന് എ.കെ.ജി ക്യാപ്റ്റനായി ആരംഭിച്ച ജാഥ ഗുരുവായൂരിലെത്തിച്ചേർന്നപ്പോൾ ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യഗ്രഹ സമരം ആരംഭിച്ചു. എ.കെ.ജി ക്രൂരമായ മർദ്ദനങ്ങളേറ്റു വാങ്ങി. ക്ഷേത്രപ്രവേശന സമരത്തെ അടിച്ചമർത്താനുള്ള ശ്രമത്തിനെതിരെയും, അവർണർക്ക് നീതി നൽകുന്നതിനായും നടന്ന നാമജപ സമരവും, സവർണ ജാഥയും ചരിത്ര രേഖകളിലുണ്ട്. ക്ഷേത്രത്തിൽ കയറാൻ അവകാശമുണ്ടായിരുന്നെങ്കിലും മണിയടിക്കാൻ അവകാശമില്ലാതിരുന്ന പി. കൃഷ്ണപിള്ള മണിയടിച്ച് ആചാരലംഘനം നടത്തി മർദ്ദനത്തിനിരയായി. ഗുരുവായൂർ ക്ഷേത്രം അടച്ചിട്ട് സമരത്തെ തോല്പിക്കാൻ വരെ ശ്രമമുണ്ടായി. നിരാഹാര സമരം അനുഷ്ഠിച്ച കെ. കേളപ്പന്റെ ആരോഗ്യനില വഷളായപ്പോൾ മഹാത്മാഗാന്ധിജി തന്നെ ഇടപെട്ടു. 1934ൽ ഗാന്ധിജി ഗുരുവായൂരിലെത്തി അയിത്തോച്ചാടനത്തിനായി പ്രസംഗിച്ചത് ഈ രാജ്യത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമാണ്.
അത്യന്തം നികൃഷ്ടമായ അയിത്താചാരണത്തിനെതിരായ നിരന്തരമായ ഈ സമരമാണ് പിന്നാക്കക്കാരെയും ദളിതരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയത്. നവോത്ഥാന നായകരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ ഈ നാടിനെ എങ്ങനെ മാറ്റിയെടുത്തു എന്ന് നമ്മൾ മറക്കാതിരിക്കണം. പൗരാവകാശ പ്രക്ഷോഭം നിവർത്തന പ്രക്ഷോഭമായി പടർന്നപ്പോൾ അത് തിരുവിതാംകൂറിൽ പ്രതിഷേധാഗ്നിയായി മാറി. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ തലതിരിഞ്ഞ ഭരണപരിഷ്കാരങ്ങൾക്കെതിരായ ചെറുത്തുനില്പാണ് സർക്കാർ സർവീസിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിദ്ധ്യം ലഭിക്കുന്ന നിലയിലേക്ക് എത്തിച്ചത്. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹ സമരത്തെ തുടർന്ന് 1936ൽ തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായെങ്കിലും, മലബാറിൽ സാമൂതിരിയും, കൊച്ചി രാജാവുമൊന്നും അവർണരെ ക്ഷേത്രത്തിൽ കയറ്റാൻ തയ്യാറല്ലാതെ അനാചാരം തുടർന്നു. പിന്നെയും തുടർന്ന പ്രക്ഷോഭങ്ങൾക്ക് സമാപ്തി പകർന്ന് 1947ലാണ് മലബാറിലും കൊച്ചിയിലും എല്ലാ ഹിന്ദുക്കളെയും ജാതിഭേദമില്ലാതെ അമ്പലത്തിൽ കയറാൻ അനുവദിച്ചത്. ഓർമ്മപ്പെടുത്തലുകൾ അനിവാര്യമായ കാലത്ത് കൂടിയാണ് നമ്മുടെ പ്രയാണം. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വർഷം ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള മുന്നേറ്റമായി നാം ആഘോഷിക്കുമ്പോൾ മാനവിക സ്നേഹത്തിന്റെ മഹോത്സവമായി അത് മാറുകയാണ്.
ക്ഷേത്രപ്രവേശന വിളംബരം വഴി അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ക്ഷേത്രശ്രീകോവിലുകൾ അവർണർക്ക് അപ്രാപ്യമായിരുന്നു. എന്നാൽ ഭരണഘടന പ്രകാരമുള്ള സംവരണം ശാന്തി നിയമനത്തിൽ കഴിഞ്ഞ വർഷം നടപ്പാക്കി ചരിത്രം തിരുത്തിയെഴുതാൻ ഇടതുമുന്നണി സർക്കാർ ആർജവം കാട്ടി. 2017ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായി 12 ദളിതർ അടക്കം 62 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത് അക്ഷരാർത്ഥത്തിൽ നിശബ്ദവിപ്ളവം തന്നെയായിരുന്നു. വെറുതെ സംവരണം നൽകി ആരെയെങ്കിലും നിയമിക്കുകയല്ല ചെയ്തത്. പി.എസ്.സി മാതൃകയിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപ്പട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കിയത്. ഇത് കേവലമൊരു വഴിപാടായി നടത്തി പിന്മാറുകയല്ല സർക്കാർ ചെയ്തത്. വീണ്ടും ചരിത്രം കുറിച്ച് കേരള സർക്കാർ, ഇക്കഴിഞ്ഞ മാസം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലാദ്യമായി ഏഴ് പട്ടികജാതിക്കാർ ഉൾപ്പെടെ 54 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചു. പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് നിയമന പട്ടികയിൽ ഇടം നേടിയ 54 പേരിൽ 31 പേർ സംവരണത്തിന്റെ ബലത്തിലല്ല ഓപ്പൺ മെറിറ്റ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചാണ് നിയമനത്തിന് അർഹരായത് എന്നത് വലിയ മാറ്റത്തിന്റെ നാന്ദിയാണ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച ഈ നാടിനെ മനുഷ്യരുടെ മണ്ണായി മാറ്റിയെടുത്ത മഹാപ്രക്ഷോഭത്തിന്റെ ഓർമ്മ പുതുക്കുന്ന കാലത്ത് നവോത്ഥാന പോരാട്ടത്തിന് ഊർജ്ജം പകരുന്നതാണ് പട്ടികജാതിക്കാരുൾപ്പെടെയുള്ള അബ്രാഹ്മണർക്ക് ക്ഷേത്രശ്രീകോവിലുകൾ പ്രാപ്യമാക്കിയ നടപടി.
ഇരുണ്ട കാലത്തേക്ക് നാടിനെയാകെ മടക്കിക്കൊണ്ടുപോകാനുള്ള മറയായി വിശ്വാസത്തെ ദുരുപയോഗിക്കാൻ ശ്രമിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയായി ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാംവാർഷികാചരണ വേള മാറുകയാണ്. വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സ്ഥാപിച്ചിരുന്ന തീണ്ടൽ പലക പുനഃസ്ഥാപിക്കാൻ നടക്കുന്നവരുടെ ഒപ്പമല്ല കേരളമെന്ന് ഉച്ചത്തിൽ വിളിച്ചുപറയാൻ ക്ഷേത്രപ്രവേശന വിളംബരാഘോഷം നമുക്ക് അവസരമാക്കാം.
( ലേഖകൻ സംസ്ഥാന ദേവസ്വം, സഹകരണം, ടൂറിസം മന്ത്രിയാണ് )