മന്ത്ര, തന്ത്രാദി ശാസ്ത്രങ്ങളിൽ അതിനിപുണനും മഹാപണ്ഡിതനുമാണ് ആചാരശ്രീമാൻ ശ്രീധരൻപിള്ളച്ചേട്ടൻ. പിള്ളച്ചേട്ടനൊന്ന് പിഴച്ചാൽ ആചാരങ്ങൾ ശഠപഠേന്നും കൊണ്ട് തകർന്നുവീഴുമെന്ന് അറിയാത്തവരാരും ഇഹലോകത്തോ പരലോകത്തോ ഉണ്ടാകുമെന്ന് കരുതാനാവില്ല. പിള്ളച്ചേട്ടൻ ഭൂജാതനായതേ മനോഹരങ്ങളായ ആചാരങ്ങളും പേറിയാണെന്ന് കരുതുന്നവരുണ്ട്. അതല്ല, നാക്കിൻതുമ്പത്ത് ഗുളികനെയും കൊണ്ടാണെന്ന് വിലപിക്കുന്നവരും ഭാ.ജ.പായിൽ കുറവല്ല. മുരളീധർജി തൊട്ട് സുരേന്ദ്രൻജി വരെയുള്ളവർ ആ ഒരു ഗണത്തിൽ പെടുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുള്ളത്. അങ്ങനെ വിലപിക്കുന്നവർക്ക് പിള്ളച്ചേട്ടന്റെ ജാതകം തിരിച്ചറിയാൻ ശേഷിയില്ലെന്നത് കൊണ്ടുമാത്രം അതൊരു വലിയ ഇഷ്യു ആക്കിയില്ലെന്നേയുള്ളൂ. പിള്ളച്ചേട്ടൻ സുവർണാവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് അതിപ്രഗല്ഭനെന്നും പിള്ളച്ചട്ടേൻ തട്ടിക്കൂട്ടുന്ന അജൻഡയിൽ വീണാൽ പിന്നെ രക്ഷയില്ലെന്നും പാണന്മാർ പാടി നടക്കാറുണ്ട്. ചെന്നിത്തല ഗാന്ധി തൊട്ട് മുല്ലപ്പള്ളി ഗാന്ധി വരെയുള്ള കൂട്ടർ അത് കേട്ടതിൽപ്പിന്നെ ഉറക്കമില്ലാതെ പിച്ചുംപേയും പറഞ്ഞ് നടപ്പാണെന്ന് സാക്ഷിമൊഴികളുണ്ട്.
പിള്ളച്ചേട്ടൻ തട്ടിക്കൂട്ടിയ അജൻഡയിൽ വീഴാത്തവരാരുമില്ല കുരുക്കളിൽ. അതുകൊണ്ടുതന്നെ പിള്ളച്ചേട്ടന്റെ അജൻഡ പേടിച്ചാരും ഈ വഴി നടപ്പീലാ എന്നാണ് സ്ഥിതി. പിള്ളച്ചേട്ടന്റെ ഏർപ്പാടുകൾ കണ്ട ശബരിമല തന്ത്രി പോലും, ഹാ! എത്ര നല്ല മനോഹരമായ ആചാരം എന്ന് ആത്മഗതം പാടിപ്പോയിട്ടുണ്ടെന്ന് പറയുന്നു.
പിള്ളച്ചേട്ടനുണ്ടാക്കി വച്ച ആചാരം പാലിക്കണമെന്നത് കൊണ്ട് മാത്രമാണ് തന്ത്രി നട അടയ്ക്കണോ വേണ്ടയോ എന്ന് പിള്ളച്ചേട്ടനോട് വിളിച്ചു ചോദിച്ചത് പോലും. പിള്ളച്ചേട്ടനോട് ചോദിക്കാതെ നട അടച്ചാലത് ആചാരലംഘനമാകുമോയെന്ന ശങ്ക കലശലായ മാത്രയിലായിരുന്നു ആ ഫോൺവിളിയെന്നാണ് കോഴിക്കോട്ടെ യുവമോർച്ചക്കാരോട് പിള്ളച്ചേട്ടൻ തന്നെ വെളിപ്പെടുത്തിയത്. സാധാരണ ആചാരരഹസ്യങ്ങളെപ്പറ്റി പിള്ളച്ചേട്ടൻ യുവമോർച്ചക്കാരോടെന്നല്ല, സാക്ഷാൽ ശബരിമല ശാസ്താവിനോട് പോലും വെളിപ്പെടുത്താത്തതാണ്. പക്ഷേ വ്യത്യസ്തനാമൊരു പിള്ളച്ചേട്ടനെ യുവമോർച്ചക്കാരാരും തിരിച്ചറിയാതെ പോയെങ്കിലോയെന്ന് സംശയിച്ചുപോയ ദുർബലനിമിഷത്തിൽ ആ രഹസ്യമങ്ങ് പിള്ളച്ചേട്ടന്റെ നാക്കിൽ നിന്നുതിർന്നുപോയി. അല്ലാതെ മുരളീധർജിയും മറ്റും കരുതുന്നത് പോലെ വിടുവായത്തമല്ല. കണ്ഠരര് തന്ത്രി അത് കൈയോടെ നിഷേധിച്ചിട്ടുണ്ട്. അത് കാര്യമാക്കേണ്ടതില്ല. ആചാരത്തിന്റെ ഗുട്ടൻസ് അങ്ങനെ മാലോകർ അറിയുന്നത് നന്നാവില്ല എന്ന് തന്ത്രിമുഖ്യൻ കരുതുന്നത് കൊണ്ടാവുമെന്ന് പിള്ളച്ചേട്ടൻ സമാധാനിച്ചുകൊള്ളും. സങ്കടമതല്ല. ആചാരരഹസ്യം തുറന്ന് പറഞ്ഞതിന് പിള്ളച്ചേട്ടന്റെ പേരിൽ കേസ് സിവിലായും ക്രിമിനലായും പിന്നാലെ വന്നതാണ്. ഇതിനെയാണ് കലികാലമെന്ന് പറയുന്നത്. 22 കാരറ്റ് വക്കീലായ പിള്ളച്ചേട്ടനെ അതുകൊണ്ടൊന്നും തോല്പിക്കാൻ പറ്റുമെന്ന് പിണറായി സഖാവ് കരുതേണ്ടതില്ലെന്നേ പറയാനുള്ളൂ. പിള്ളച്ചേട്ടനെത്ര കേസ് കണ്ടതാണ്.
ശബരിമലയിൽ ഇക്കണ്ട നാളുകളിലൊന്നും കണ്ടിട്ടില്ലാത്ത എത്ര നല്ല, മനോഹരമായ ആചാരങ്ങളാണ് ഇപ്പോൾ നടമാടുന്നത് എന്നാണ് ശാസ്താവ് അന്തംവിടുന്നത്. ഉദാഹരണത്തിന് തില്ലങ്കേരിയിൽ നിന്നെത്തിയ ആചാരപ്രമുഖന്റെ കാര്യം തന്നെയെടുക്കുക. സാധാരണ ഗതിയിൽ പിണറായി സഖാവിന്റെ പൊലീസിൽ നിന്ന് കോളാമ്പി പോയിട്ട് ഒരു കോലുമിഠായി പോലും ചോദിച്ചാലത്തെ അനുഭവമെന്താണെന്ന് ആരും പറഞ്ഞ് തരേണ്ടതില്ല. അങ്ങനെ ചോദിക്കാനാരും ധൈര്യപ്പെടാറുമില്ല. ചോദിക്കാതെ തന്നെ വരാപ്പുഴ സ്റ്റേഷനിലെ ലോക്കപ്പിലോ നെയ്യാറ്റിൻകര റോഡ് വക്കിലോ ഉണ്ടായ ആചാരങ്ങൾ അരങ്ങേറുമെന്ന് തീർച്ചമൂർച്ചയാണ്. ഇടിയൻ മാത്തനേഡിന്റെ സ്പെഷ്യൽ ഗരുഡൻതൂക്കമെല്ലാം പഴങ്കഥയായി. അതിലും വലിയ സ്പെഷ്യൽ ഇഫക്ടുകളുണ്ടാക്കുന്ന ഹരികഥാകാരന്മാരുടെയും ഹരികുമാരന്മാരുടെയും കാലമാണ്.
അക്കാലത്താണ് ബെഹ്റപ്പൊലീസിന്റെ താടിക്ക് തീ പിടിക്കുന്നേരത്ത് ബീഡി കത്തിക്കാനുള്ള ധൈര്യം തില്ലങ്കേരി അയ്യപ്പനുണ്ടായത്. തില്ലങ്കേരി അയ്യപ്പൻ അല്ലെങ്കിലും ആചാരനിർമ്മിതിയിൽ ബഹുകേമനാണ്. പതിനെട്ടാം പടിക്ക് മുകളിൽ നിന്ന് ശാസ്താവിന് നേരെതിരിഞ്ഞ് നിന്ന തില്ലങ്കേരിയുടെ വരവ് കണ്ട സുരേന്ദ്രൻജി പോലും അന്തം വിട്ട് കുന്തം വിഴുങ്ങി.
ഈ ആചാരമര്യാദ കണ്ട മാത്രയിലാണ് പൊലീസേമ്മാൻമാർ ആ കോളാമ്പിയങ്ങോട്ട് കൈയിലേക്ക് വച്ചുകൊടുത്തത്. അല്ലാതെ പൊലീസ്, പൊലീസല്ലാതായി മാറിയതൊന്നുമല്ല. കോളാമ്പി കിട്ടിയ മാത്രയിൽ തില്ലങ്കേരി അയ്യപ്പൻ അയ്യപ്പ തിന്തകത്തോം പാടി. അതേറ്റെന്ന് പറഞ്ഞാൽ മതി. ഹാമലിൻ പട്ടണത്തെ വിറപ്പിച്ച ചുണ്ടെലികളെ പൈപ്പൂതിയെത്തിയ വിദ്വാൻ കീഴ്പ്പെടുത്തിക്കൊണ്ടു പോയതുപോലെ , സന്നിധാനത്തെത്തിയ കിങ്കരന്മാർ വാലും ചുരുട്ടിപ്പോയെന്നാണ് പറയുന്നത്. സ്വാമി ശരണം എന്നല്ലാതെന്ത് പറയാൻ!
ജലീൽ സായ്വിനെ ആരും കുറ്റം പറയരുത്. ഒരു ഗതിയും പരഗതിയുമില്ലാത്തൊരു കോർപറേഷനുണ്ടായാൽ അതിനെ ഒരു കരയ്ക്കെത്തിക്കാൻ ജലീൽ സായ്വ് പഠിച്ച പണി പതിനെട്ടും പയറ്റും. കൊച്ചാപ്പയുടെ മോന്റെ മോനെ കൊണ്ടുവന്നിട്ടായാലും കോർപറേഷനെ ഒരു കരയ്ക്കെത്തിക്കാൻ ജലീൽ സായ്വ് മെനക്കെട്ടത് അതുകൊണ്ടാണ്. യൂത്ത് ലീഗിന്റെ ഫിറോസ് ചെക്കന് അതൊന്നും മനസിലാവണമെന്നില്ല. പണ്ട് യൂത്ത് ലീഗും കൊണ്ടുനടന്ന കാലത്ത് ജലീൽ സായ്വും ഇമ്മാതിരി വേലത്തരമൊക്കെ കാട്ടിനടന്നത് കണ്ടിട്ടാണ് ജനകീയ ജനാധിപത്യവിപ്ലവം സൃഷ്ടിക്കാൻ പറ്റിയ ഉരുപ്പടിയെന്ന് പിണറായി സഖാവും മറ്റും തിരിച്ചറിഞ്ഞത്. അങ്ങനെയാണ് വിപ്ലവസൃഷ്ടിക്കുള്ള യത്നത്തിൽ ജലീൽ സായ്വിനെ ഭാഗഭാക്കാക്കിയത്. ജലീൽ സായ്വ് അഭംഗുരം കൃത്യം നിറവേറ്റുന്നുണ്ട്. ആദ്യം കൊച്ചാപ്പേടെ വീട്ടിൽ നിന്നാവട്ടെ വിപ്ലവമെന്ന് ധരിച്ചാൽ കുറ്റം പറയാൻ ഫിറോസ് ചെക്കനേ സാധിക്കൂ. വെള്ളത്തിൽ കല്ലെറിഞ്ഞാലത്തെ പ്ലം എന്ന ഒച്ച കേട്ടിട്ട്, അതാണ് വിപ്ലവമെന്ന് ധരിച്ചുവശായത് കൊണ്ടാണത്. സാരമാക്കേണ്ട.
ഇ-മെയിൽ: dronar.keralakaumudi@gmail.com