ഒരു അന്തർദ്ദേശീയ സ്പോർട്സ് സംഘടനയുടെ പ്രസിഡന്റ് ഒരു വെല്ലുവിളി നടത്തിയിരിക്കുന്നതായി പത്രത്തിൽ കണ്ടു. ദൈവമുണ്ടെന്നു തെളിയിച്ചാൽ അദ്ദേഹം തന്റെ സ്ഥാനം രാജിവയ്ക്കാമെന്ന്. ദൈവത്തെ കാണിച്ചുകൊടുക്കണം, ദൈവത്തിന്റെ ഫോട്ടോയും എടുത്തു കാണിക്കണം.
അദ്ദേഹം രാജിവച്ചില്ലെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ ആ സ്ഥാനത്തുനിന്ന് താഴെ ഇറങ്ങേണ്ടിവരും. അപ്പോഴും ദൈവം തന്റെ സ്ഥാനത്തു നിന്നു താഴെയിറങ്ങാതെ ശേഷിക്കും. ദൈവത്തിനു താഴെയിറങ്ങാനാവുകയുമില്ല. കാരണം ദൈവത്തിനു താഴെയും മേലും ഇല്ല.
ദൈവം ഇല്ല എന്നു പറയുന്ന ആളിന്റെ ഉള്ളിൽ ദൈവമെന്ന സങ്കല്പമുണ്ടല്ലോ. ആ സങ്കല്പം ഇല്ലെന്നു പറയാനാകുമോ? സങ്കല്പത്തിന്റെ രൂപത്തിലല്ലാതെ ദൈവമുണ്ടെന്ന് ആരെങ്കിലും അവകാശപ്പെട്ടോ?
ദൈവമുണ്ട് എന്നതിന് ഭൗതികമായ തെളിവ് ഹാജരാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ദൈവമില്ല എന്നതിന് അങ്ങനെയൊരു തെളിവു ഹാജരാക്കാനാവുമോ?
തന്റെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചിട്ടാണല്ലോ ഇത്തരം വീരവാദം മുഴക്കുന്നത്. ബുദ്ധി എന്ന ഒന്നുണ്ട് എന്നതിന് ഭൗതികമായ തെളിവ് ഹാജരാക്കാനാവുമോ? ബുദ്ധിയുടെ ഫോട്ടോ എടുത്തു കാണിക്കാനാവുമോ? ആവുകയില്ല എന്നതുകൊണ്ട് ബുദ്ധി എന്ന ഒന്നില്ല എന്നു കരുതാനാവുമോ?
എന്തിനേറെ ഈ അവകാശവാദം ഉന്നയിക്കുന്നത് ഒരു 'ഞാൻ" ആണല്ലോ. 'ഞാൻ" രാജിവയ്ക്കാമെന്നാണ് പറഞ്ഞത്. ആ 'ഞാൻ" എന്ന ഒന്നുണ്ട് എന്നതിനു തെളിവു ഹാജരാക്കാനാകുമോ? വെറും 'എന്റേത്" മാത്രമായ ശരീരത്തിന്റെ ഫോട്ടോ മാത്രമല്ലേ എടുക്കാനാവൂ?
നാരായണഗുരു ഒരിക്കൽ ശിവഗിരിയിലിരിക്കുകയായിരുന്നു. മാമ്പഴക്കാലം. ഒരു ഫോട്ടോഗ്രാഫർ അവിടെവന്ന് ഗുരുവിന്റെ ചിത്രമെടുത്തു. മാവിൽ നില്ക്കുന്ന മാങ്ങയുടെ ഫോട്ടോയുമെടുത്തു. ഗുരു ചോദിച്ചു, ''അതിന്റെ രുചിയുടെ പടം പിടിക്കാമോ?""
ആധുനിക കാലത്തെ ഒരു മഹാശാസ്ത്രജ്ഞൻ പറഞ്ഞു, ''തെളിവ് എന്ന ആരാധനാവിഗ്രഹത്തിന്റെ മുമ്പിലാണ് ശാസ്ത്രജ്ഞൻ ആത്മപീഡനം നടത്തുന്നത്."
ശാസ്ത്രജ്ഞന്മാരായ സ്പോർട്സ് സംഘാടകർക്ക് ഇങ്ങനെ എത്ര വീരവാദങ്ങളും നടത്താം. എന്നാൽ കാണാനാകാത്ത ദൈവത്തിൽ മനുഷ്യൻ വിശ്വസിക്കും. അവരവരിലെ കാണാനാകാത്ത 'ഞാൻ" എന്നതിൽ വിശ്വസിക്കുന്നതിന്റെ വിശ്വഭാവം മാത്രമാണ് ദൈവത്തിലുള്ള വിശ്വാസം. ദൈവത്തിൽ വിശ്വസിക്കാത്തവരുണ്ട് എന്നതുകൊണ്ട് 'ദൈവം" എന്ന വാക്ക് നിഘണ്ടുക്കളിൽ നിന്ന് അപ്രത്യക്ഷമാകുകയും ഇല്ല. ദൈവചിന്തയും ഇല്ലാതാവുകയില്ല. 'ദൈവം ഇല്ല" എന്നവകാശപ്പെടുന്നയാളിലുമുണ്ടല്ലോ ദൈവചിന്ത!