paper-pen-

തിരുവനന്തപുരം: ഈ പേനകൾക്കു പിന്നിൽ ഒരു ജീവിതമുണ്ട്. നിസഹായതയോട് വിടചൊല്ലി ജീവിതം പച്ചപിടിപ്പിക്കുന്ന സുരേഷ് ബാബുവിന്റെ ജീവിതം. വീൽച്ചെയറിലിരുന്ന് സുരേഷ് ബാബു നിർമ്മിക്കുന്ന പേപ്പർപേന ആവശ്യംകഴിഞ്ഞ് കളഞ്ഞാലോ? ഒരു വിത്ത് മുളച്ചുവരും.

പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടമായ കൊല്ലം കരുകോൺ കുട്ടിനാട് കളിയിക്കൽ കിഴക്കതിൽ വീട്ടിൽ സുരേഷ് ബാബു കഴിഞ്ഞ 20 വർഷമായി വീൽച്ചെയറിലാണ് ചലിക്കുന്നത്. പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി പേപ്പർ കൊണ്ട് പേനകൾ നിർമ്മിച്ച് ഒാർഡർ അനുസരിച്ച് വില്ക്കുന്നത്‌ അദ്ദേഹം ഒറ്റയ്ക്കല്ല. തന്റെ അതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന 20 ൽ അധികം അംഗപരിമിതർക്ക് ഉപജീവന മാർഗമാണ് ഈ സംരംഭം. വാഹനാപകടത്തിൽ കാലുകൾ നഷ്ടമായവരും ജന്മനാ അംഗപരിമിതിയുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

47 കാരനായ സുരേഷ് ബാബുവിന്‌ രണ്ടര വയസുള്ളപ്പോൾ അച്ഛൻ കുടുംബം ഉപേക്ഷിച്ച് പോയി. അമ്മ രാധാമണി കൂലിപ്പണി ചെയ്താണ് സുരേഷിനെയും സഹോദരി സുമംഗലയെയും വളർത്തിയത്. അവിവാഹിതനാണ്. 27-ാം വയസിലാണ് പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്.

പേനയുടെ ഉള്ളിൽ വിത്ത്

റീഫിൽ മാത്രം പ്ലാസ്റ്റിക്കും ബോഡിയും ക്യാപ്പുമെല്ലാം പേപ്പർ കൊണ്ടും നിർമ്മിച്ച പേനകളാണിവ. മൾട്ടി കളർ ക്രാഫ്റ്റ് പേപ്പറിൽ നിർമ്മിക്കുന്ന പേനകൾക്ക് കമ്പനി ക്വാളിറ്റിയുള്ള റീഫിൽ ഉൾപ്പെടെ 8 രൂപയാണ് വില. ഇന്ത്യയിൽ എവിടെയും കൊറിയർ ചെയ്തുകൊടുക്കും. കച്ചവട സ്ഥാപനങ്ങൾക്കും സമ്മേളനങ്ങൾക്കും വിവാഹപ്പാർട്ടികൾക്കുമെല്ലാം ആവശ്യപ്പെടുന്ന മാറ്റർ പ്രിന്റ് ചെയ്തും പേനകളുണ്ടാക്കി നൽകും. പേനയുടെ ഉള്ളിൽ പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയുടെ വിത്തുകൾ വച്ചിട്ടുണ്ട്. ഫോൺ: 9809702254, 8075439278.