kamal-pasha

തിരുവനന്തപുരം: ശബരിമല മതേതരത്വത്തിന്റെ നിറസാന്നിദ്ധ്യമാണെന്നും അയ്യപ്പഭക്തരായ ആർക്കും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി അവിടെ പോകാമെന്നും ഹൈക്കോടതി റിട്ട. ജ‌ഡ്‌ജി ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ആചാരങ്ങൾക്ക് കാലാനുസൃതമായി മാറ്റം വരണമെന്നും ഇന്നത്തെ ആചാരം നാളത്തെ അബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാറുമറയ്ക്കാൻ തയ്യാറായ സ്ത്രീയെ മറ്റ് സ്ത്രീകൾ ചേർന്ന് ഒറ്റപ്പെടുത്തിയ സംഭവം നമ്മുടെ ചരിത്രത്തിലുണ്ട്. സതി സമ്പ്രദായം തിരിച്ചുകൊണ്ടുവരണമെന്ന് പറഞ്ഞ് ആറായിരത്തോളം സ്ത്രീകൾ സമരം ചെയ്ത ചരിത്രവും നമുക്കുണ്ട്. ഇതെല്ലാം തിരിച്ചു കൊണ്ടുവരണമെന്ന് പറഞ്ഞ് ഇപ്പോൾ സമരം ചെയ്താൽ എന്താകും അവസ്ഥ. പണ്ട് ശബരിമല നട തുറന്നിരുന്നത് മണ്ഡല - മകരവിളക്ക് കാലത്ത് മാത്രമായിരുന്നു. എന്നാൽ,​ ദർശനത്തിന് തിരക്ക് കൂടിയതോടെ ഓരോ മാസവും ആറ് ദിവസം വീതം ദർശനം അനുവദിച്ചു. അതിലൂടെ പുതിയൊരു ആചാരമാണ് ഉണ്ടായത്. മനുഷ്യന്റെ സംസ്‌കാരം മാറുന്നതിനൊപ്പം ആചാരങ്ങളും മാറണം. ആദിവാസികൾക്കു പോലുമില്ലാത്ത സംസ്‌കാരം തുടരാനാണ് ഇപ്പോൾ നമ്മൾ ശ്രമിക്കുന്നത്. ഇത് നമ്മളെ പതിനേഴാം നൂറ്റാണ്ടിലേക്ക് മടക്കിക്കൊണ്ടുപോകുകയാണ്. ആ കാഴ്ചപ്പാട് മാറണം. അതേസമയം,​ ഇതിനിടയിലെ പുഴുക്കുത്തുകളെ കാണാതിരിക്കരുതെന്നും കെമാൽ പാഷ പറഞ്ഞു.

കഥാകൃത്ത്‌ വി. രാധാകൃഷ്ണന്റെ 10 പുസ്തകങ്ങളുടെ പ്രകാശനം പ്രസ് ക്ളബിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജി.എൻ. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വസന്തകുമാർ സാംബശിവൻ, അമ്പലപ്പുഴ രാജഗോപാൽ, സണ്ണിക്കുട്ടി എബ്രഹാം, ശ്രീകല ചിങ്ങോലി, രതീഷ് അനിരുദ്ധൻ, ബി.വി. കാരയ്ക്കാട്, എ. സിദ്ധിഖ് എന്നിവർ സംസാരിച്ചു.