road

കോവളം: കേരളത്തിലെ നിലവിലെ സാഹചര്യങ്ങളും വകുപ്പുകളുടെ ഏകോപനമില്ലായ്മയും ടൂറിസ്റ്റുകളെ കോവളം തീരത്തുനിന്നും അകറ്റുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട ടൂറിസം വകുപ്പ് അധികൃതരും നഗരസഭാ ഉദ്യോഗസ്ഥരും ഏകോപനമില്ലാതെ കാര്യങ്ങൾ നീക്കുന്നതാണ് ഇപ്പോൾ കോവളത്തുണ്ടാകുന്ന വികസനങ്ങൾക്കുള്ള തിരിച്ചടി. കോവളം ബീച്ച് സമഗ്ര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കോവളം ജംഗ്ഷൻ മുതൽ ബീച്ചിലേക്കുള്ള പ്രധാന പാതകളും വെട്ടിപ്പൊളിച്ചിട്ട് പൂർവ സ്ഥിതിയിലാക്കാൻ കഴിഞ്ഞില്ല. സുഗമമായ യാത്രാ സൗകര്യമില്ലാത്തത് സഞ്ചാരികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. കഴിഞ്ഞ വർഷം കോവളത്ത് ദീപാവലി സീസണിൽ ഉത്തരേന്ത്യൻ ടൂറിസ്റ്റുകളുടെ തിരക്കു കാരണം നിന്നുതിരിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഇത്തവണ വിരലിലെണ്ണാവുന്ന സഞ്ചാരികളാണ് കോവളത്തെത്തിയത്. നിപ്പയും പ്രളയവും ശബരിമല വിഷയങ്ങളുമെല്ലാം കോവളം ടൂറിസത്തെ പിന്നോട്ടടിക്കുമ്പോൾ നല്ല നാളുകൾ സ്വപ്നം കാണുകയാണ് ഇവിടത്തെ കച്ചവടക്കാരും അനുബന്ധ തൊഴിലാളികളും. സഞ്ചാരികൾ ഒന്നടങ്കം ട്രിപ്പ് കാൻസൽ ചെയ്തു. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ കോവളത്തേക്ക് എത്തിയിരുന്ന ഉത്തരേന്ത്യക്കാരും അറബികളും ഇത്തവണ എത്തിയില്ല. സഞ്ചാരികളിൽ പലരും കോവളത്തെത്താതായതോടെ റിസോർട്ടുകൾ പൂട്ടിയിടുകയായിരുന്നു. ശബരിമല പ്രശ്നം കാരണം ഡിസംബറിലേക്കുള്ള ഹോട്ടൽ റിസർവേഷനുകൾ കാൻസൽ ചെയ്തിരിക്കുകയാണ്. കോവളം ടൂറിസവുമായി ബന്ധപ്പെട്ട് ആയിരത്തിൽപരം കുടുംബങ്ങളാണ് ഉപജീവനം നടത്തി വരുന്നത്. വരും നാളുകളിൽ വിദേശികൾ കോവളത്തേക്ക് എത്തുമെന്നുള്ള പ്രതീക്ഷയിലാണ് കച്ചവടക്കാർ.

''സീറോക്ക് ബീച്ച് മുതൽ കീഴേവീട് ദേവീക്ഷേത്രം റോഡും പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച ശേഷം ഗതാഗതയോഗ്യമാക്കിയിട്ടില്ല. ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾ ഏത് സമയവും അപകടത്തിൽപെടാമെന്ന അവസ്ഥയാണ്. സതികുമാർ

(കോവളം ബീച്ച് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹി)