ശാസ്ത്രം കുട്ടിച്ചാത്തനെക്കുറിച്ച് എന്തുപറയുന്നു എന്ന് ഗുരു ചോദിച്ച ചോദ്യമാണ് പിൽക്കാലത്ത് ആൻ ഇന്റഗ്രേറ്റഡ് സയൻസ് ഒഫ് ദി അബ്സൊല്യൂട്ട് എന്ന പുസ്തകം ദർശനമാലയെ ആസ്പദമാക്കി എഴുതാൻ പ്രേരണ ചെലുത്തിയതെന്ന് നടരാജഗുരു പറഞ്ഞകാര്യം ദർശനമാല വ്യാഖ്യാനത്തിന്റെ ആദ്യഭാഗത്ത് നാം പരാമർശിച്ചിരുന്നു.
കുട്ടിച്ചാത്തൻ അടക്കമുള്ള സങ്കല്പമൂർത്തികൾ ഇക്കാലത്തും വളരെ ലൈവാണ്. കഴിഞ്ഞദിവസവും ഒരു വീട്ടമ്മ വിളിച്ചു. അവരുടെ ശരീരത്തിൽ ഒരു യോഗീശ്വരൻ വസിക്കുന്നുണ്ടെന്ന് ഒരു സന്യാസി പറഞ്ഞത്രേ. ഇത് ശരിയോ എന്നാണ് അവരുടെ ചോദ്യം. ഗുരുസാഗരം പ്രഭാഷണപരമ്പര വയനാട്ടിൽ എത്തിയപ്പോൾ ഭഗവാന്റെ വാക്കുകളിലൂടെ ഇത്തരം അന്ധവിശ്വാസങ്ങളുടെ മായാമൂടുപടം ഒന്നു വലിച്ചുമാറ്റിക്കൊണ്ടാണ് സംസാരിച്ചത്. എന്നാൽ ഒരാഴ്ചകഴിഞ്ഞപ്പോൾ അവിടെ ദുർമന്ത്രവാദത്തിനിടെ ദക്ഷിണയായി കിട്ടിയ മദ്യം കഴിച്ച് മന്ത്രവാദിയും ബന്ധുവും മരിച്ചുവെന്ന വാർത്തകേട്ടു. എത്ര മറനീക്കിയിട്ടും നീങ്ങാതെ മനസിന്റെ ഇരുട്ടിലിരുന്ന് ചാത്തനും മാടനും മറുതയും മുത്തപ്പനും യക്ഷിയും യോഗീശ്വരനുമൊക്കെ മനുഷ്യരെ ഭയമെന്ന വികാരംകൊണ്ട് അടിമയാക്കി നീചകർമ്മങ്ങൾ ചെയ്യിക്കുകയാണ്.
പുരോഗമന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കണ്ണൂരിൽനിന്ന് ശ്രീനാരായണഗുരുവിന് കിട്ടിയ ഉത്തമശിഷ്യനായിരുന്നു സ്വാമി ഗുരുപ്രസാദ്. ഒരിക്കൽ ഗുരുപ്രസാദ് സ്വാമിയുടെ വസതിയിൽ ഭഗവാൻ എത്തിയപ്പോൾ അവിടെ മുത്തപ്പന്റെ ചിത്രം പൂജിച്ച് വച്ചിരിക്കുന്നത് കണ്ടു. ഭഗവാൻ വിഷമത്തോടെ അവിടെനിന്ന് ഇറങ്ങി നടന്നു. ഏറെ അന്വേഷിച്ചിട്ടാണ് പിന്നെ ഗുരുവിനെ കണ്ടുകിട്ടിയത്. 'എന്നാലും ഗുരുപ്രസാദേ നിന്റെ വീട്ടിലും കള്ളുകുടിക്കുന്ന ദൈവമാണല്ലോ ഇരിക്കുന്നത് "എന്ന് ചോദിക്കുമ്പോൾ ഗുരുവിന്റെ ഉള്ളം സഹതാപത്താൽ ആർദ്റമാകുന്നുണ്ടായിരുന്നു. ആത്മാവുകൊണ്ട് കാതോർത്താൽ 'ഹാ! ചിത്രം ചിത്രം" എന്നോ 'ഹാ കഷ്ടം! പാവങ്ങൾ" എന്നോ ഒക്കെ ഗുരു നമ്മുടെ ചെയ്തികൾ കണ്ട് സഹതപിക്കുന്നത് ഇപ്പോഴും കേൾക്കാം. ദർശനമാലയുടെ അദ്ധ്യാരോപത്തിൽ ഏഴാം പദ്യത്തിലെത്തുമ്പോൾ നമുക്ക് ബോദ്ധ്യമാകുന്നത് ഈ പദ്യം വേണ്ടത്ര മനനം ചെയ്ത് പഠിക്കാത്തതുകൊണ്ടാണ് നാം തലമുറകളായി ഇല്ലാത്തവയെയൊക്കെ ഉണ്ടെന്നുവിശ്വസിച്ചും പൂജിച്ചും ജീവിക്കുന്നതെന്നാണ്.
യദാത്മവിദ്യാ സങ്കോച-
സ്തദാ അവിദ്യാ ഭയംകരം
നാമരൂപാത്മനാ അത്യർത്ഥം
വിഭാതീഹ പിശാചവത്
ആത്മവിദ്യയ്ക്ക് കുറവുണ്ടാകുമ്പോഴാണ് മനസിലേക്ക് അജ്ഞാനമാകുന്ന പിശാച് കടന്നുവരുന്നത്. അജ്ഞാനം ഇരുട്ടുതന്നെയാണ്. അതിന്റെ കനം വർദ്ധിക്കുംതോറും ഇല്ലാത്തതൊക്കെയും നാമരൂപംധരിച്ച് ഉള്ളവതന്നെ എന്ന മട്ടിൽ പ്രകടമാകും. മനസിൽ അജ്ഞതയുടെ ഇത്തരം നാമരൂപങ്ങൾ ചുമക്കുന്നവരുടെ വികലസങ്കല്പങ്ങൾ ശക്തിപ്രാപിക്കുമ്പോഴാണ് ചാത്തൻ കല്ലെറിയുന്നതും മറുത വീശിയടിക്കുന്നതും യക്ഷി ചുണ്ണാമ്പ് ചോദിച്ച് വഴിയിൽ കാത്തുനിൽക്കുന്നതുമെല്ലാം. കൂടുതൽ ആളുകൾ ഇതൊക്കെ വിശ്വസിച്ച് ഭയക്കാനും ആചരിക്കാനും തുടങ്ങുമ്പോൾ ഈ വികലസങ്കല്പങ്ങളും അതിനനുസരിച്ച് ശക്തിപ്രാപിക്കും. അവ ആവേശിച്ചവർ ചില ഫലപ്രവചനമൊക്കെ നടത്തും. അതിൽ അത്ഭുതപ്പെടാനില്ല. അതിശക്തമായ ദൈവസങ്കല്പത്താൽ ഉണ്ടായ പ്രപഞ്ചമാണിത്. അതിനാൽ സങ്കല്പങ്ങൾക്കും വിശ്വാസങ്ങൾക്കും അതിന്റേതായ ശക്തിയുണ്ടാകും. യുക്തിവാദം കൊണ്ട് ഇവയെ എതിർത്താൽ വിശ്വാസികൾ പ്രതികരിക്കും. എന്നാൽ ഇതൊക്കെ ഇങ്ങനെതന്നെ തുടരാൻ വിട്ടാൽ മനുഷ്യരിൽ ഭേദവിചാരം വർദ്ധിക്കും. കലഹം, കൊലപാതകം, കുശുമ്പ്, അസൂയ, ദുർമാർഗപ്രേരണ, മദ്യ, മാംസാദി പ്രിയം എന്നിവ വിട്ടുപോകയുമില്ല. മദ്യവും മാംസവും വിശ്വാസത്തിന്റെ ഭാഗമാക്കിയവരാണ് ദുർമൂർത്തികളുടെ പ്രണേതാക്കൾ. ഗോത്രവർഗങ്ങൾ ദൈവത്തെക്കുറിച്ച് അറിവില്ലാത്ത കാലത്ത് സ്വജനങ്ങളെ പേടിപ്പിച്ച് വരുതിയിൽ നിറുത്താൻ സങ്കല്പിച്ചുണ്ടാക്കിയ നാമരൂപങ്ങളാണ് തീച്ചാമുണ്ഡിയും ചാത്തനും മുത്തപ്പനുമെല്ലാം. ഇവയെ പൂജിക്കുന്നവർ അതേ സങ്കല്പത്തിലേക്കാണ് മരിച്ച് വിലയം പ്രാപിക്കുന്നത്. ഭക്തർ ഇങ്ങനെ വിലയം പ്രാപിക്കുംതോറും ഇത്തരം സങ്കല്പങ്ങളുടെ ആവാസശക്തി വർദ്ധിച്ചുകൊണ്ടിരിക്കും. അവരുടെ അടിമകളിൽ ഏതെങ്കിലും തലമുറക്കാർ വിട്ടുപോയാൽ പരീക്ഷണങ്ങൾ കാട്ടി തിരികെ കാൽച്ചുവട്ടിൽ എത്തിക്കും. അതാണ് മുത്തപ്പനും തീച്ചാമുണ്ഡിക്കുമൊക്കെ ഇക്കാലത്തുപോലും പുരോഗമനരാഷ്ട്രീയക്കാരുടെ പിൻബലം കിട്ടുന്നത്. കുട്ടിച്ചാത്തനെ വെറും അന്ധവിശ്വാസം എന്നു പറഞ്ഞ് എഴുതിത്തള്ളുകയല്ല ഗുരു ചെയ്തത്. അവയൊക്കെ ഇല്ലാത്തതാണ് എന്ന യാഥാർത്ഥ്യം ലോകരെ അറിയിക്കാൻ ഗുരു ഉപദേശിച്ച മാർഗം ആത്മവിദ്യ നേടുക എന്നതാണ്. ദർശനമാല പഠിച്ചാൽ ആത്മവിദ്യനേടാം. ആത്മവിദ്യ അഭ്യസിക്കുംതോറും ഇവിടെ ഒന്നേയുള്ളൂ അത് പരമസത്യം മാത്രമാണെന്നറിയും. മറ്റെല്ലാം നാമരൂപങ്ങളാണ്. നമ്മളും സത്യത്തിന്റെ നിരവധിയായ നാമരൂപങ്ങളിൽ ഒന്നുമാത്രമാണെന്ന് ബോദ്ധ്യംവരും. സ്വർണമാണ് വളയും മാലയും മോതിരവും എന്നറിയുന്നതുപോലെ ഒരേ സത്യമാണ് നാമരൂപങ്ങളായി കാണപ്പെടുന്നത് എന്നറിയുന്ന വിദ്യയാണ് ആത്മവിദ്യ. സ്വർണത്തെ അറിയാതെ വളയും മാലയും കമ്മലുമൊക്കെ വേർതിരിച്ചു കാണുന്നതാണ് അവിദ്യ. ലോകത്തെ ഇങ്ങനെ ഭിന്നമാക്കി കാണുന്നവർ ആത്മവിദ്യ സങ്കോചിച്ചവരാണ്. അവർക്കാണ് പിശാചും യക്ഷിയും ചാത്തനുമൊക്കെ ഉണ്ടെന്ന് അനുഭവപ്പെടുന്നത്. പക്ഷേ, ആത്മവിദ്യ ശീലിക്കുന്നത് എന്തിനെന്നറിയാത്ത ജനസമൂഹമാണ് ഇന്നത്തേത്. അന്ധവിശ്വാസങ്ങളെ യുക്തിവാദം കൊണ്ട് എതിർക്കാൻ നടക്കുന്നവർക്കും ഗുരു മൊഴിഞ്ഞ ആത്മവിദ്യാമാർഗത്തോട് അലർജിയാണ്. അതുകൊണ്ടാണ് വിശ്വാസികളും അവിശ്വാസികളും ചേർന്ന് കേരളീയരെ ആചാരയുദ്ധത്തിന്റെ പേരിൽ തെരുവിലിറക്കുന്നത്.