തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് എന്തിനാണ് പൊലീസിന്റെ പാസെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ. മുരളീധരൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സന്നിധാനത്ത് അയ്യപ്പന്മാർ തങ്ങരുതെന്നാണ് സർക്കാർ പറയുന്നത്. അപ്പോൾ നെയ്‌ത്തേങ്ങ എന്തു ചെയ്യണമെന്നു കൂടി പറയണം.
സർക്കാർ പരിഷ്കാരങ്ങൾ ഓരോന്നും വിഡ്ഢിത്തമായിക്കൊണ്ടിരിക്കുകയാണ്. ശബരിമലയ്ക്കു പോകുന്ന സ്ത്രീകൾ ഇരുമുടിക്കെട്ടിനൊപ്പം ആധാറും കൊണ്ടുപോകേണ്ട അവസ്ഥയാണ്. പിണറായി വിജയനും ശ്രീധരൻപിള്ളയും പറയുന്നത് ഒന്നാണ്. ശബരിമല പ്രശ്നം അവസാനിച്ചാൽ കോൺഗ്രസിന് ഇടമുണ്ടാകില്ലെന്നാണ് ഇരുവരും പറയുന്നത്. ജില്ലതോറും പിണറായി വിജയൻ സഞ്ചരിക്കുന്നത് ബി.ജെ.പിക്ക് ആളെക്കൂട്ടാനാണ്. ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെ പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വിവാദ പ്രസംഗത്തിന്റെ പേരിൽ ശ്രീധരൻപിള്ളയെ അറസ്റ്റു ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കണം.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതും എൻ.എസ്.എസ് കരയോഗങ്ങൾക്കു നേരെ ആക്രമണം നടത്തുന്നതും സംഘപരിവാർ ആണെന്ന് മന്ത്രിമാർ പറയുന്നു. പക്ഷേ, ആരെയും അറസ്റ്റ് ചെയ്യുന്നില്ല. പ്രധാനമന്ത്രിയുടെ അനുമതിയോടെ ബെഹ‌്‌റയെ ഡി.ജി.പിയായി നിയമിച്ചത് മുതൽ ആർ.എസ്.എസ് എന്ത് ചെയ്താലും പൊലീസ് നോക്കി നിൽക്കുന്നു.
അടുത്ത ആഴ്ച മണ്ഡലകാലം ആരംഭിക്കുകയാണ്. ധാർഷ്ട്യം വെടിഞ്ഞ് സർക്കാർ കാര്യങ്ങൾ മനസിലാക്കണം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ചോദിക്കണം. സർവകക്ഷി യോഗം വിളിച്ച് സാഹചര്യങ്ങൾ ചർച്ച ചെയ്യണം. സാധാരണ മണ്ഡലകാലത്തിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി നേരിട്ട് പമ്പയിലോ സന്നിധാനത്തോ ഉന്നതതലയോഗം വിളിക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. അവിടെ അടിസ്ഥാന സൗകര്യങ്ങളില്ല, ഭയാനകമായ അന്തരീക്ഷമാണുള്ളതെന്നും മുരളീധരൻ പറഞ്ഞു.