വാദികളിൽ നിന്നും പ്രതികളിൽ നിന്നും പൊലീസ് കൈക്കൂലി കൈപ്പറ്റാറുണ്ട്. അത് അവരുടെ അവകാശമായിട്ടാണ് പൊതുവെ വയ്പ്. ഇത്തരത്തിലൊരു കൈക്കൂലി കേസിൽ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം. ബിജുവിനെ സർവീസിൽ നിന്നു പിരിച്ചുവിട്ടുവെന്ന വാർത്ത ജനശ്രദ്ധയാകർഷിക്കുന്നത് വല്ലപ്പോഴുെമാരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ നടപടിയായതുകൊണ്ടാണ്. കെവിൻ കൊലപാതക കേസ് ആരും മറന്നു കാണില്ല. പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കെവിനെ രാത്രിയിൽ താമസസ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചും ഭേദ്യം ചെയ്തും കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യപ്രതിയിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയതിന്റെ പേരിലാണ് എ.എസ്.ഐക്ക് തൊപ്പി പോയത്. ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഡ്രൈവർ അജയകുമാറിന്റെ മൂന്നു ഇൻക്രിമെന്റ് തടഞ്ഞിട്ടുമുണ്ട്. ഗാന്ധിനഗർ എസ്.ഐ എം.എസ്. ഷിബുവിനെതിരെയും നടപടി ഉണ്ടാകും. ഈ മൂന്നു പേരും ആറുമാസമായി സസ്പെൻഷനിലാണ്. കെവിൻ വധക്കേസിലെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം എ.എസ്.ഐയും സംഘവും തടഞ്ഞ് പരിശോധിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുക്കാതിരിക്കാൻ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എ.എസ്.ഐയെ പിരിച്ചുവിട്ടുകൊണ്ടുളള നടപടി. തെളിവും സാക്ഷിയുമൊക്കെ ശക്തമായതിനാലാകണം എ.എസ്.ഐ കുടുങ്ങിയിട്ടുള്ളത്.സാധാരണ പൊലീസുകാർ ഉൾപ്പെട്ട ഏതു കേസിലും നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി അവർ രക്ഷപ്പെടാറാണ് പതിവ്. വല്ലപ്പോഴുമൊരിക്കൽ മാത്രം സംഭവിക്കാറുള്ള അസാധാരണ നടപടിയാണ് സർവീസിൽ നിന്ന് പുറത്താക്കൽ.
കേവലം രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയതിന്റെ പേരിൽ ഒരു എ.എസ്.ഐയെ പുറത്താക്കാനുള്ള നിയമം ഉള്ളിടത്തുതന്നെയാണ് കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട അനവധി പൊലീസ് ഉദ്യോഗസ്ഥർ നിർബാധം സർവീസിൽ തുടരുന്നത്. കൊലക്കേസിൽ ഉൾപ്പെട്ടവർപോലും അക്കൂട്ടത്തിലുണ്ട്. പൊലീസിന്റെ അധികാരം ഉപയോഗിച്ച് എത്രയോ നിരപരാധികളെയാണ് ഇവർ കള്ളക്കേസിൽ കുടുക്കാറുള്ളത്. അകാരണമായി പിടിച്ചുകൊണ്ടുപോയി തല്ലിച്ചതയ്ക്കുന്നത്. മുഖം നോക്കാതെ വേണം പൊലീസ് നിയമം നടപ്പാക്കേണ്ടതെന്ന് പറയാറുണ്ട്. അത് ഭംഗിവാക്കുമാത്രമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. പ്രത്യേകിച്ചും പൊലീസുകാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ. ആറുദിവസം മുൻപ് നെയ്യാറ്റിൻകരയിൽ നടന്ന ദാരുണ സംഭവംതന്നെ എടുക്കാം. രാത്രിയിൽ കുടുംബാംഗങ്ങൾക്ക് ആഹാരം വാങ്ങാൻ എത്തിയ ചോരയും നീരുമുള്ള ഒരു ചെറുപ്പക്കാരനെ യാതൊരു പ്രകോപനവുമില്ലാതെയാണ് സ്ഥലം ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട് തന്റെപക തീർത്തത്. ഡിവൈ.എസ്.പിയുടെ വാഹനം കിടന്നതിനടുത്ത് യുവാവ് കാർ നിറുത്തിയിട്ടതാണ് ആകെ ചെയ്ത കുറ്റം. അധികാരം മത്തനാക്കിയ പൊലീസ് മേധാവി പിടിച്ചു തള്ളിയതിന്റെ ഫലമായിട്ടാണ് സനൽകുമാർ എന്ന യുവാവ് റോഡിൽ വീണതും പാഞ്ഞുവന്ന കാറിടിച്ച് മരണത്തിലേക്ക് യാത്രയായതും. പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ഒരു പൊലീസ് ഓഫീസറാണ് മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത ഈ പാതകം ചെയ്തതെന്നോർക്കണം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം പുറത്തുവന്ന വിവരങ്ങൾ ഞെട്ടലും ഭയവും ഉളവാക്കുന്നവയാണ്. പിടികൊടുക്കാതെ മുങ്ങി നടക്കാൻ ഡിവൈ.എസ്.പിക്ക് വേണ്ട സഹായങ്ങൾ നൽകുന്നത് പൊലീസിലെയും ഭരണരംഗത്തെയും സ്വാധീന കേന്ദ്രങ്ങൾ തന്നെയാണെന്ന വെളിപ്പെടുത്തലുകൾ ആശങ്കയുളവാക്കുന്നു. നിയമം ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്മാരോട് അയവുള്ള സമീപനം സ്വീകരിക്കുമ്പോൾ അത് നൽകുന്ന സന്ദേശം തീർച്ചയായും സേനയുടെ പ്രതിച്ഛായയ്ക്കും അന്തസിനും യോജിച്ചതല്ല. കേസിലുൾപ്പെടുന്ന ഓഫീസറുടെ കീഴുദ്യോഗസ്ഥർ പലപ്പോഴും നിയമംവിട്ട് നീങ്ങുന്നതും തങ്ങളുടെ ഏമാൻ കേസ് കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ഉണ്ടാകാനിടയുള്ള പ്രതികാര നടപടി ഓർത്ത് ഭയപ്പെടുന്നതിനാലാണ്. നെയ്യാറ്റിൻകര സംഭവത്തിൽ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയതുമുതൽ പൊലീസുകാർ കാട്ടിക്കൂട്ടിയ ചെയ്തികളെല്ലാം തങ്ങളുടെ മേലധികാരിയുടെ രക്ഷയെ ഉദ്ദേശിച്ചുള്ളതായിരുന്നു. അത്യാസന്നനിലയിലായിരുന്ന യുവാവിനെയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് പോകാതെ പൊലീസ് സ്റ്റേഷനിലേക്ക് പോയതും ആംബുലൻസ് ഡ്രൈവറോട് അധികം സ്പീഡ് വേണ്ടെന്നു നിർദ്ദേശിച്ചതും യുവാവിന്റെ പരിക്ക് വാഹനാപകടത്തിൽ സംഭവിച്ചതാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കള്ളം പറഞ്ഞതുമൊക്കെ കേസിന്റെ ഗതി തിരിച്ചുവിടാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു. ഒളിവിൽപോയ ഡിവൈ.എസ്.പിയെ ഇത്ര ദിവസമായിട്ടും കണ്ടുപിടിക്കാനായില്ലെതുതന്നെ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഭരണതലത്തിലുള്ള പിടിപാടാണ് ഇതിനൊക്കെ കാരണമെന്ന ആക്ഷേപം നിലനിൽക്കുകയാണ്.
നിയമം അനുസരിക്കാനും നിയമം നടപ്പാക്കാനും ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളോട് ഒട്ടുംലാഘവം കാണിക്കരുത്. കർക്കശമായ ശിക്ഷ ഉറപ്പാക്കുന്നതിലൂടെ വേണം ഈ ദുഷ്പ്രവണത നിയന്ത്രിക്കാൻ. കൈക്കൂലി വാങ്ങിച്ചതിന്റെ പേരിൽ എ.എസ്.ഐയെ പിരിച്ചുവിടാമെങ്കിൽ കൊലക്കേസിൽ പ്രതിയായ ആളും അതേ ശിക്ഷയല്ലേ നേരിടേണ്ടത്?