well

കിളിമാനൂർ: കിളിമാനൂർ ടൗണിൽ മഹാദേവേശ്വരം ടൗൺ മുസ്ലിംപള്ളി ജംഗ്ഷനിൽ നിന്നു പഞ്ചായത്ത് ബസ് സ്റ്റാൻഡ് ജംഗ്ഷനിലേക്കുള്ള യാത്ര അപകടക്കെണിയാകുന്നു. വർഷങ്ങളായി തകർന്ന നിലയിലായ റോഡും അതിനരികിലായി കാടുമൂടിയ കിണറുമാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്.

യാത്രക്കാർക്ക് അപകടഭീഷണിയായിട്ടും റോഡിലെ കുഴി നികത്താനോ റോഡ് റീ ടാർ ചെയ്യാനോ അധികൃതർ നടപടി

സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പള്ളിക്ക് മുന്നിലെ കുറച്ചു ഭാഗം മൂന്നു വർഷം മുൻപ് കോൺക്രീറ്റ് ചെയ്തിരുന്നു. ശേഷിച്ച ഭാഗം ആറ് വർഷം മുൻപാണ് ടാർ ചെയ്തത്. ഭാരമേറിയ വാഹനങ്ങൾ ധാരാളം ഇതുവഴി കടന്നു പോകുന്നതിനാൽ ടാർ മുഴുവൻ ഇളകി കുണ്ടും കുഴിയുമായി. പള്ളിയോട് ചേർന്ന് കോൺക്രീറ്റ് ചെയ്ത ഭാഗവും ടാർ ചെയ്ത ഭാഗവും സന്ധിക്കുന്നിടത്ത് വലിയ കുഴിയായിരിക്കുകയാണ്. ഇതിനോടു ചേർന്നാണ് കൈവരിയില്ലാത്ത കിണർ സ്ഥിതി ചെയ്യുന്നത്. ഒരു ആസ്ബസ്റ്റോസ് ഷീറ്റ് മേൽമൂടിയായി ഇട്ടിട്ടുണ്ട്. ഇതിന് മുകളിൽ കാട് മൂടി കിടക്കുന്നതിനാൽ ഇവിടെ കിണർ ഉള്ളത് യാത്രക്കാർക്ക് കാണാൻ കഴിയില്ല. റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കാൻ ഈ കിണറിന്റെ ഭാഗത്ത് കൂടെയാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ കടന്നു പോകുന്നത്. അല്പമൊന്ന് ശ്രദ്ധതെറ്റിയാൽ കിണറ്റിൽ വീണ് വൻ ദുരന്തത്തിന് കാരണമായേക്കും. അടിയന്തരമായി റോഡ് ടാർ ചെയ്ത് അപകടകരമായ കിണറിന് സംരക്ഷണ ഭിത്തി കെട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.