anil
അനിൽ കാന്ത്

 പിന്മാറുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: സോളാർ വിവാദ നായിക സരിതയുടെ പരാതിയിൽ ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെയെടുത്ത പീഡനക്കേസിന്റെ അന്വേഷണത്തിൽ നിന്ന് ദക്ഷിണമേഖലാ അഡി. ഡി.ജി.പി അനിൽകാന്ത് പിന്മാറി. ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നൽകുകയായിരുന്നു. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചിട്ടില്ല. ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ, ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവർ നേരത്തേ അന്വേഷണത്തിൽ നിന്ന് പിന്മാറിയിരുന്നു.

2017 ഒക്ടോബർ 11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് ഇരുവർക്കുമെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് പറ്റില്ലെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടർന്ന് പരാതി എഴുതിവാങ്ങി. 2012ലെ ഹർത്താൽ ദിനത്തിൽ ക്ലിഫ്ഹൗസിൽ വച്ച് ഉമ്മൻചാണ്ടിയും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ ടൂറിസം മന്ത്രിയായിരുന്ന എ.പി. അനിൽകുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെ.സി. വേണുഗോപാലും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

സരിതയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വരുത്തി മൊഴിയെടുത്ത ശേഷമാണ് ഇരുവർക്കുമെതിരെ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി. വേണഗോപാലിനെതിരെ മാനഭംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. സരിത കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധനകളിലൂടെ മൊഴി സത്യമാണോയെന്ന് ഉറപ്പാക്കുന്ന ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

പിന്മാറ്റത്തിന് പിന്നിൽ

കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചതായി അനിൽകാന്ത് ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്. ഉത്തരമേഖലാ എ.ഡി.ജി.പിയുടെയും ശബരിമല സുരക്ഷാത്തലവന്റെയും അധികചുമതലകളും വഹിക്കുന്നുണ്ട്. ഔദ്യോഗിക തിരക്കുള്ളതിനാൽ ഒഴിവാക്കണമെന്നാണ് അനിൽകാന്തിന്റെ അപേക്ഷ.

സരിതയ്ക്കെതിരെ വിവിധ കോടതികളുടെ വാറണ്ട് നിലനിൽക്കുന്നുണ്ട്. വാറണ്ട് നടപ്പാക്കാതിരുന്നത് സരിതയെ കണ്ടെത്താൻ കഴിയാത്തതിനാലാണെന്ന് കോടതികളിൽ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, ഇതേ സമയത്തു തന്നെ സരിത പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയെ കണ്ട് പരാതി നൽകുകയും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴി നൽകുകയും ചെയ്തു. ഒളിവിൽ പോയെന്ന് കോടതിയിൽ അറിയിച്ചത് അതിനാൽ പൊലീസിന് കുരുക്കായി മാറുമെന്നും നിയമോപദേശം കിട്ടി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അനിൽകാന്തിന്റെ പിന്മാറ്റം.

''ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള അനിൽകാന്തിന്റെ കത്ത് ലഭിച്ചു. അഡ്‌മിനിസ്ട്രേറ്റീവ് കത്താണിത്. ഔദ്യോഗിക തിരക്കുകൾ കാരണം ഒഴിവാക്കണമെന്നാണ് ആവശ്യം. സർക്കാരാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചത്. പകരം ആളെ വയ്ക്കേണ്ടതും സർക്കാരാണ്.''

ലോക്നാഥ് ബെഹ്റ,

പൊലീസ് മേധാവി