ആറ്റിങ്ങൽ: ഗ്യാസ് കയറ്റിവന്ന ലോറി മാമം പാലത്തിലെ കൈവരിയിൽ ഇടിച്ചുകയറി. തലനാരിഴയ്‌ക്കാണ് വൻദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ 8.20ന് ആയിരുന്നു സംഭവം. പാലം ആരംഭിക്കുന്ന സ്ഥലത്തുനിന്നും നടപ്പാതയിലേക്ക് കയറിയ ലോറി പാലത്തിന്റെ നടുക്കുവച്ച് കൈവരി തകർത്ത് നദിയിലേക്ക് ഒരു ടയർ ഇറങ്ങി നിൽക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ട്രാഫിക് എസ്.ഐ ജയേന്ദ്രൻ, സി.ഐ സുനിൽ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഡ്രൈവർ രാമചന്ദ്രനെ (40) ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെനിന്നും ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഓവർടേക്ക് ചെയ്‌ത കാറിന് സൈഡ് കൊടുത്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ലോറി കാറിന്റെ സൈഡിൽ ഇടിച്ചിരുന്നു. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. ഭാരത് ഗ്യാസിന്റെ പാരിപ്പള്ളി ഗോഡൗണിലെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗ്യാസ് നിറയ്‌ക്കാനായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവർക്ക് കടുത്ത രക്തസമ്മർദ്ദം അനുഭവപ്പെട്ടിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ എത്തിയ ഇയാൾ അബോധാവസ്ഥയിലായിരുന്നു. ഉടനേ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു എന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. കൊല്ലത്തേക്കുള്ള വാഹനങ്ങൾ പഴയ ദേശീയപാത വഴിയാണ് കടത്തിവിട്ടത്. ഗവർണർ രാവിലെ 9.30ന് ഇതുവഴി കായംകുളത്തേക്ക് പോകുന്നതിനാൽ പൊലീസുകാർ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് ലോറി റോഡിൽ നിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ച് ഗവർണർക്ക് വഴിയൊരുക്കിയത്.